‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനേക്കുറിച്ച്‌ പഠിക്കുന്നതിനുള്ള സമിതി രൂപവത്കരിച്ച്‌ കേന്ദ്രം വിജ്ഞാപനമിറക്കി. എട്ടംഗ സമിതിയുടെ അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

കോണ്‍ഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ വിജിലൻസ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.കേന്ദ്ര നിയമ മന്ത്രി അര്‍ജുൻ റാം മേഘ്വാള്‍ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമിതിയുടെ പരിഗണന വിഷയങ്ങള്‍

1. ലോക്സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും (മുൻസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍) ഒരുമിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച പരിശോധന.

2. ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ എന്നതിലുളള പരിശോധന.

3. തൂക്ക് സഭ, കാലാവധി പൂര്‍ത്തിയാകാതെ അവിശ്വാസ പ്രമേയത്തത്തിലൂടെ സഭ പിരിച്ചുവിടല്‍ എന്നീ സാഹചര്യങ്ങളില്‍ എന്തുചെയ്യണം എന്നതിനേക്കുറിച്ചുള്ള പരിശോധന.

4. ഒരുമിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖയും സമയക്രമവും തയ്യാറാക്കല്‍. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതിനേക്കുറിച്ചുള്ള ശുപാര്‍ശ തയ്യാറാക്കല്‍.

5. മുടക്കമുണ്ടാകാതെ തുടര്‍ച്ചയായി ഒരുമിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കല്‍.

6. ഒരുമിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നിന് ആവശ്യമായ ഇ.വി.എം, വി.വി പാറ്റ് തുടങ്ങി സാങ്കേതിക-മാനുഷിക വിഭവങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളേക്കുറിച്ചുള്ള പരിശോധന.

7. ഒരുമിച്ച്‌ നടക്കുന്ന തിരഞ്ഞെടുപ്പിന് ഒറ്റ വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനുള്ള സാധ്യതയേക്കുറിച്ചുള്ള പരിശോധന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക