തിരുവനന്തപുരം:ഛത്തീസ്ഗഢിലെ നവറായ്പുരില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആരംഭിക്കാനിരിക്കെ പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എന്നതില്‍ ചര്‍ച്ചകള്‍ സജീവം. പല നേതാക്കളുടെയും പേരുകള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിന് അതില്‍ ഇടം കിട്ടുമോ ഇല്ലയോ എന്നതാണ് ഏറെ നിര്‍ണായകം. തരൂരിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച്‌ 1000-ല്‍ അധികം വോട്ട് നേടിയ തരൂരിനെ അവഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ തരൂര്‍ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും.

എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ഇതില്‍ എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിവാകും. ആരോഗ്യപ്രശ്‌നങ്ങളുള്ള സാഹചര്യത്തില്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഇവര്‍ അറിയിച്ചിട്ടുണ്ട്‌. നിലവില്‍ അച്ചടക്ക സമിതി ചെയര്‍മാനായ ആന്റണി, താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.സി.വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയില്‍ തുടരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അദ്ദേഹത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തുമോ എന്നത് സമ്മേളനത്തിലെ വ്യക്തത വരൂ. ഭാരത് ജോഡോ യാത്രയ്ക്കും പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനും ചുക്കാന്‍ പിടിച്ച അദ്ദേഹത്തെ നിലനിര്‍ത്താനാണ് രാഹുല്‍ ഗാന്ധിക്ക് താത്പര്യം.

ഉമ്മന്‍ചാണ്ടിയും ആന്റണിയും ഒഴിയുന്ന പ്രവര്‍ത്തക സമിതിയിലേക്ക് രമേശ് ചെന്നിത്തല എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ദേശീയ ചുമതലകള്‍ നല്‍കിയിട്ടുള്ള ചെന്നിത്തലയെ മഹാരാഷ്ട്രയിലെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം തീര്‍ക്കുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം പുതുതായി നിയമിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് മൂന്നാമനായി ആര് പ്രവര്‍ത്തക സമതിയിലേക്ക് എത്തുമെന്നാണ് ശ്രദ്ധേയം. ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ പ്രവര്‍ത്തക സമിതി അംഗത്വം പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ പരിഗണിക്കാനുള്ള സാധ്യതയില്ല.

കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും തരൂരും. ഒരേ സമുദായത്തില്‍ നിന്ന് തന്നെ മൂന്ന് പേര്‍ സമിതിയില്‍ എത്താനുള്ള സാധ്യത കുറവാണ്. കൊടിക്കുന്നില്‍ സുരേഷാകട്ടെ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. അവസാന നിമിഷം മധ്യതിരുവതാംകൂറില്‍ നിന്നുള്ള മറ്റൊരാള്‍ മൂന്നാമനായി സമിതിയില്‍ എത്താനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നുണ്ട്.25 അംഗ പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൂടാതെയുള്ള 23 അംഗങ്ങളില്‍ 11 പേരെ പാര്‍ട്ടി അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. 12 പേര്‍ തിരഞ്ഞെടുപ്പിലൂടെയാണ് വരേണ്ടത്. എന്നാല്‍ 2001-ല്‍ നാമനിര്‍ദേശത്തിലൂടെ തന്നെയാണ് ഈ ക്വാട്ടയും തികച്ചത്. ഇത്തവണ തിരഞ്ഞെടുപ്പ് നടത്തണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന നേരത്തെയുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന തരൂര്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പാണെങ്കില്‍ ഞാന്‍ മത്സരിക്കില്ലെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കാമെന്നാണ് തരൂര്‍ പറഞ്ഞത്.തരൂരിനെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു വ്യക്തതയും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം ഇതില്‍ നിര്‍ണായകമാകും.വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഛത്തീസ്ഗഢില്‍ നടക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക