കേരളത്തിലെ വാർത്താ മാധ്യമങ്ങൾ പ്രഖ്യാപിക്കുന്ന പുരസ്കാരങ്ങളിൽ സവിശേഷ സ്ഥാനമുള്ള പുരസ്കാരമാണ് മലയാള മനോരമ ന്യൂസ് മേക്കർ. മലയാളി മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ വ്യക്തിത്വങ്ങളെയാണ് സൂക്ഷ്മമായ പ്രക്രിയയിലൂടെ കേരളത്തിലെ വാർത്ത രംഗത്ത് അധികായരായ മലയാള മനോരമയുടെ ദൃശ്യമാധ്യമ വിഭാഗം വാർത്ത താരങ്ങളായി തിരഞ്ഞെടുക്കുന്നത്. ഫൈനൽ റൗണ്ടിൽ പ്രേക്ഷകരുടെ വോട്ട് തന്നെയാണ് വിജയിയെ നിശ്ചയിക്കുന്നതിനുള്ള ഘടകം. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയാണ് വാർത്താതാരത്തെ നിശ്ചയിക്കുന്നത് എന്ന് നിസംശയം വിലയിരുത്താൻ സാധിക്കും.

പിണറായി വിജയൻ കേരളത്തിൽ ചരിത്രം കുറിച്ചു കൊണ്ടാണ് ഇടതുമുന്നണിക്ക് വേണ്ടി തുടർ ഭരണം നേടിയത്. എന്നാൽ ചരിത്രം കുറിച്ച് പിണറായി അധികാരത്തിൽ വന്നതിനുശേഷം ഉള്ള രണ്ടു വർഷങ്ങളിലും തുടർച്ചയായി മലയാള മനോരമ വാർത്താതാരങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് നേതാക്കളാണെന്നുള്ളതാണ് കൗതുകം. കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയ സുധാകരനാണ് 2021ൽ മലയാള മനോരമയുടെ വാർത്താ താരം ആയതെങ്കിൽ 2022 ആ സ്ഥാനത്തേക്ക് എത്തിയത് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ഈ നേട്ടം കൈവരിക്കുമ്പോൾ ഇതുമായി കൂട്ടി വായിക്കേണ്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാഷ്ട്രീയവൃത്തങ്ങളും പൊതുസമൂഹവും വിലയിരുത്തുന്നത് പ്രകാരം കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റവും ദുർഘടമായ വഴികളിലൂടെ കടന്നു പോകുമ്പോഴാണ് ഈ നേട്ടങ്ങൾ ഈ നേതാക്കൾ കൈവരിച്ചത് എന്നത്. അതുകൊണ്ടുതന്നെ ഈ നേട്ടങ്ങൾക്ക് വ്യക്തിപരമായ ഇടപെടലുകളാണ് പാർട്ടിയുടെ സംഘടിതമായ ശക്തിയേക്കാൾ വിജയ ഘടകങ്ങൾ ആയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പാർട്ടിക്ക് അതീതമായ പിന്തുണ കൈവരിച്ചുവെന്നോ, വ്യക്തിപരമായ മികവുകൊണ്ട് വിജയിച്ചു എന്നു പോലും വിലയിരുത്തേണ്ടി വരും.

പാർട്ടിക്കുള്ളിൽ പ്രതിരോധം

രസകരമായി മറ്റൊരു വിലയിരുത്തൽ ഇരു നേതാക്കളെ കുറിച്ചും നടത്താൻ കഴിയുന്നത് അവർ പാർട്ടിക്കുള്ളിൽ നടത്തേണ്ടിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിലാണ്. ശൈലി മാറ്റം മുന്നോട്ടുവച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ ഇറങ്ങിയ കെ സുധാകരന് പാർട്ടിക്കുള്ളിൽ നേരിടേണ്ടിവന്നത് ചില്ലറ പ്രതിരോധമല്ല. നാക്കു പിഴകൾ മുതൽ അനാരോഗ്യം വരെ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പദവിയിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ വരെ ഉന്നതരായ നേതാക്കളുടെ ആശീർവാദത്തോടെ നടന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്തു നിന്നുള്ള പാർട്ടിയുടെ എംപിമാർ സംഘടിതമായി അദ്ദേഹത്തിനെതിരെ ഹൈക്കമാന്റിൽ പരാതി ബോധിപ്പിച്ചു എന്നും ഈ അടുത്ത നാളുകളിൽ റിപ്പോർട്ട് വന്നിരുന്നു.

കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ കെ സുധാകരന് പകരക്കാരെ തേടിയുള്ള ചർച്ചവരെ പാർട്ടിക്കുള്ളിൽ പരസ്യമായ രഹസ്യങ്ങൾ ആയിരുന്നു. ഒരുപക്ഷേ സിപിഎം സംഘടിതമായി സുധാകരനെ കടന്നാക്രമിച്ചതിനേക്കാൾ അദ്ദേഹത്തെ വേട്ടയാടിയത് കോൺഗ്രസിനുള്ളിൽ നിന്നുള്ള ആക്രമണം തന്നെയാണ്. ശശി തരൂരിന് ഉണ്ടായ സ്ഥിതിയും വിഭിന്നമല്ല. തരൂർ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായത് എഐസിസി തിരഞ്ഞെടുപ്പിൽ പ്രമുഖരുടെ പിന്തുണയില്ലാതെ മത്സരത്തിന് ഇറങ്ങുകയും തന്റെ സാന്നിധ്യത്തിലൂടെ മത്സരത്തെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധകേന്ദ്രമാക്കുകയും ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആയിരത്തിലധികം പ്രതിനിധികളുടെ പിന്തുണ നേടുകയും ചെയ്തിട്ടാണ്. വോട്ടവകാശം ഉള്ള ഒരു വ്യക്തിയെ പോലും തൻറെ നോമിനിയായി ഉൾപ്പെടുത്താൻ കഴിയാത്ത ഒരു നേതാവ് ആയിരത്തിലധികം വോട്ടുകൾ നേടി എഐസിസി തിരഞ്ഞെടുപ്പിൽ തിളങ്ങി എന്നു പറയുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചില്ലറ കാര്യമല്ല. പൊതുജനങ്ങളാണ് അല്ലെങ്കിൽ പാർട്ടി പ്രവർത്തകരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത് എങ്കിൽ ശശി തരൂർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേനെ എന്നുപോലും വിലയിരുത്തലുകളും ഉണ്ടായി.

തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പങ്കെടുക്കുന്ന യോഗങ്ങളിലേക്ക് വലിയ രീതിയിൽ രാഷ്ട്രീയത്തിനതീതമായി ജനക്കൂട്ടത്തെ ആകർഷിക്കുകയും, തനിക്ക് അനുകൂലമായി വിവിധങ്ങളായ സാമുദായിക സംഘടനകളുടെയും, ഘടകകക്ഷികളുടെയും പരസ്യ പിന്തുണ ആർജ്ജിക്കുകയും ചെയ്ത ശശി തരൂർ നിശിതമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നാണ്. പ്രവർത്തകരിൽ ഭൂരിപക്ഷവും തരൂർ നേതൃനിരയിൽ എത്തണമെന്നും കോൺഗ്രസിനെ അദ്ദേഹത്തിന് അധികാരത്തിൽ എത്തിക്കാൻ സാധിക്കും എന്നും വിശ്വസിക്കുമ്പോഴും നേതാക്കൾ കൂട്ടം ചേർന്ന് അദ്ദേഹത്തെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യപ്രചരണത്തിനും പരസ്യ നിലപാടുകൾക്കും കോൺഗ്രസ് നേതാക്കൾക്കും വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും ശശി തരൂരിനെതിരെ ഇതെല്ലാം അവഗണിച്ചുകൊണ്ട് പ്രവർത്തനരംഗത്ത് കേരളത്തിൽ നിന്നുള്ള നേതാക്കൾ സജീവമായിരുന്നു.

മലയാളി മനസ്സിന്റെ ചുവരെഴുത്ത് വായിക്കാത്ത കോൺഗ്രസ്:

ഇടതു തുടർഭരണത്തിന്റെ ആവലാതികൾ അനുഭവിക്കുന്ന രാഷ്ട്രീയ ബോധമുള്ള പൊതുസമൂഹം പലപ്പോഴും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു ചോദ്യത്തേക്കാൾ കൂടുതൽ അത് അവരുടെ ഒരു ആവലാതിയാണ്. അതിപ്രകാരമാണ്: കോൺഗ്രസ് നന്നാവണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമ്പോഴും നേതാക്കൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന്. നേതാക്കൾ വാർത്താതാരങ്ങളായി പ്രേക്ഷക മനസ്സുകളുടെ അംഗീകാരം നേടുമ്പോൾ അവരെ വേണ്ടവിധം ഉപയോഗപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം അവരെ ദുർബലപ്പെടുത്തി അപ്രസക്തരാക്കാനുള്ള സംഘടിത ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉണ്ടാകുമ്പോൾ സാമാന്യജനമാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്. ഇത്തരത്തിൽ നീക്കങ്ങൾ നടത്തുന്ന നേതാക്കൾ ജനമനസ്സുകളിൽ നിന്ന് അകലുകയും പാർട്ടിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുകയും ചെയ്യുമ്പോഴും അവർ പാർട്ടിക്കുള്ളിൽ താക്കോൽ സ്ഥാനങ്ങളിൽ തുടരുന്നു എന്ന് മാത്രമല്ല അനുദിനം സ്വാധീനം വർദ്ധിപ്പിക്കുന്നു എന്നതു കൂടിയാണ് അത്ഭുതകരം.

ഇതെല്ലാം കോൺഗ്രസിലെ നടക്കൂ എന്ന് പാർട്ടിക്കാരും, മറ്റു പാർട്ടിക്കാരും രാഷ്ട്രീയ നിരീക്ഷകരും എല്ലാം വിലയിരുത്തുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ പാർട്ടി കടന്നുപോകുമ്പോൾ ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് വിജയം എന്ന പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം മുടന്തൻ ന്യായങ്ങൾ പാർട്ടി ചട്ടക്കൂട് എന്നും അച്ചടക്കം എന്നും എല്ലാം പറഞ്ഞു നിരത്തി ആങ്ങള മരിച്ചാലും നാത്തൂൻ കരയുന്നത് കണ്ടാൽ മതി എന്ന സമീപനമാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കുള്ളത്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ തുടർ പരാജയങ്ങളുടെ കാരണം ജന മനസ്സുകളെ വായിച്ചറിയുന്നതിനുള്ള പോരായ്മയാണ് എന്ന നിസംശയം വിലയിരുത്താൻ സാധിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക