കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്ബനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം 1,600-ലധികം ആളുകളാണ് ഇതിലുള്‍പ്പെടുക.

യാഹൂ സിഇഒ ജിം ലാന്‍സോണാണ് ഇക്കാര്യം പറഞ്ഞത്. സാമ്ബത്തിക നിര്‍ബന്ധം കൊണ്ടല്ല, കമ്ബനിയുടെ ബിസിനസ് പരസ്യ യൂണിറ്റിലെ തന്ത്രപരമായ മാറ്റങ്ങളാണ് കൂട്ട പിരിച്ചുവിടലുകള്‍ക്ക് കാരണമായിരിക്കുന്നത്. യാഹൂവിന്റെ മൊത്തത്തിലുള്ള ലാഭക്ഷമത ഇത് വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. യാഹൂവിന്റെ തീരുമാനം, ഡിജിറ്റല്‍ പരസ്യ വരുമാനത്തിനായി ഗൂഗിള്‍, മെറ്റ എന്നിവയുമായി മത്സരിക്കാന്‍ കമ്ബനി ശ്രമിക്കുന്നതിന്റെ തെളിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാഹൂവിന്റെ പ്രാദേശിക പരസ്യ പ്ലാറ്റ്‌ഫോമായ ജെമിനിയും ഇല്ലാതാകും. പകരം സ്വന്തം ഉള്ളടക്കത്തില്‍ നേറ്റീവ് പരസ്യങ്ങള്‍ വില്‍ക്കുന്നതിന് പരസ്യ കമ്ബനിയായ തബൂലയുമായി പുതുതായി രൂപീകരിച്ച പങ്കാളിത്തം പ്രയോജനപ്പെടുത്താന്‍ കമ്ബനി നോക്കും. കമ്ബനി അതിന്റെ ഡിമാന്‍ഡ്-സൈഡ് പ്ലാറ്റ്‌ഫോമില്‍ (DSP) ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. അവിടെ പരസ്യദാതാക്കള്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഉടനീളം പരസ്യങ്ങള്‍ വാങ്ങും. യാഹൂവിന്റെ ഡിഎസ്പി ബിസിനസ് ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നിയമനങ്ങളും ഏറ്റെടുക്കലുകളും പിന്തുടരും.

2021-ല്‍, യാഹൂ, എഒഎല്‍ എന്നിവ വെറൈസോണില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളറിന് ആഗോള സ്വകാര്യ-ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഏറ്റെടുത്തിരുന്നു. ഗൂഗിളിനോടോ മെറ്റായോടോ മത്സരിക്കാന്‍ കഴിയുന്ന ഒരു ഏകീകൃത ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാന്‍ രണ്ട് കമ്ബനികളുടെയും ഉടമസ്ഥതയിലുള്ള ഡാറ്റാ സെറ്റുകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സ്ഥാപനത്തിന് യാഹൂ എന്ന് പേരിട്ടിരിക്കുന്നത്.

ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന പലിശനിരക്കും കാരണം ഉപഭോക്തൃ, കോര്‍പ്പറേറ്റ് ചെലവുകള്‍ ചുരുക്കുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്ബനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോള്‍. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായി ഡിസ്നിയും പിരിച്ചുവിടല്‍ നടപടി അവതരിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക