ലണ്ടന്‍: ഇന്ത്യാ-ബ്രിട്ടീഷ് ബന്ധം എക്കാലത്തേയും കാള്‍ ഏറെ ശക്തമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് ബ്രിട്ടന്‍. നഴ്സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഐ ടി പ്രൊഫഷണലുകള്‍ക്കും പുറമെ ഇപ്പോഴിതാ ഇന്ത്യന്‍ അദ്ധ്യാപകര്‍ക്കും ബ്രിട്ടനില്‍ സുവര്‍ണ്ണകാലം എത്തുകയാണ്. മറ്റ് ഒന്‍പത് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ അധ്യാപന യോഗ്യതയും ബ്രിട്ടന്‍ അംഗീരിച്ചതോടെ, ഇന്ത്യയില്‍ അദ്ധ്യാപന യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് ഇനി മുതല്‍ നേരിട്ട് ബ്രിട്ടനില്‍ അദ്ധ്യാപകരായി ജോലിക്ക് കയറാന്‍ കഴിയും. അടുത്ത വര്‍ഷം ഫെബ്രുവരി 1 മുതലാണ് ഇത് നിലവില്‍ വരിക.

നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുവാന്‍ നഴ്സിങ് ആന്‍ഡ് മിഡ്വഫറി കൗണ്‍സില്‍ റെജിസ്ട്രേഷന്‍ ആവശ്യമുള്ളതുപോലെ അദ്ധ്യാപകര്‍ക്ക് ഇവിടെ ജോലി ചെയ്യുവാന്‍ ക്യു ടി എസ് അഥവാ ക്വാളിഫൈഡ് ടീച്ചേഴ്സ് സ്റ്റാറ്റസ് എന്നാണ് ഇത് അറിയപ്പെടുന്നത്. നിലവില്‍, ബ്രിട്ടനില്‍ നിന്നു നേടുന്ന അദ്ധ്യാപന യോഗ്യതക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജിബ്രാള്‍ട്ടര്‍, ന്യുസിലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ധ്യാപന യോഗ്യതയുള്ളവര്‍ക്ക് മാത്രമായിരുനു ക്യു ടി എസ് നേടാന്‍ കഴിയുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, 2023 ഫെബ്രുവരി ഓന്ന് മുതല്‍ ഈ ലിസ്റ്റില്‍ ഒന്‍പത് പുതിയ രാജ്യങ്ങള്‍ കൂടി ചേര്‍ക്കപ്പെടുകയാണ്. ഘാന, ഹോംഗ്കോങ്ങ്, ജമൈക്ക, നൈജീരിയ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, യുക്രെയിന്‍, സിംബാബ്വേ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അതായത്, ഇന്ത്യയില്‍ നിന്നും, അദ്ധ്യാപന യോഗ്യതയായ ബി എഡ്, എം എഡ് കോഴ്സുകള്‍ പാസ്സായിട്ടുള്ളവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ക്യൂ. ടി എസിനായി അപേക്ഷിക്കാം. ക്യു ടി എസ് ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് യു കെയില്‍ അദ്ധ്യാപക ജോലിക്കായി അപേക്ഷിക്കുകയും ചെയ്യാം.

വ്യത്യസ്ത രീതികളിലാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍ വിദേശ അദ്ധ്യാപകരെ കണ്ടെത്തുന്നതും നിയമിക്കുന്നതും. ചിലര്‍, ഓണ്‍ലൈന്‍ ഇന്റര്‍വ്യു വഴി യോഗ്യരായവരെ കണ്ടെത്തുമ്ബോള്‍, മറ്റു ചിലര്‍, അവര്‍ ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളിലെ ട്രേഡ് ഫെയറുകളില്‍ പങ്കെടുത്ത് യോഗ്യതയുള്ളവരെ കണ്ടെത്താറുണ്ട്. ചുരുക്കം ചിലര്‍ ഏജന്‍സികള്‍ വഴിയും വിദേശത്തുനിന്നും അദ്ധ്യാപകരെ കണ്ടെത്താറുണ്ട്.

ഫോര്‍ ഇയര്‍ റൂള്‍ എന്ന സംവിധാനത്തിനു കീഴില്‍, ബ്രിട്ടനില്‍ അദ്ധ്യാപകരായി ജോലി ചെയ്യാന്‍ ആദ്യ നാല് വര്‍ഷത്തേക്ക് ക്യു ടി എസ് ആവശ്യമില്ല. എന്നാല്‍, അതിനു ശേഷം ഇത് നിര്‍ബന്ധമാണ്. ക്യൂ ടി എസ്സിന് അപേക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് ഡിഗ്രി അത്യാവശ്യമാണ്. മാത്രമല്ല, 5 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടണം. അതിനു ആവശ്യമായ ടീച്ചേഴ്സ്‌ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കണം. അതായത്, ഫെബ്രുവരി 1 മുതല്‍ ഇന്ത്യയില്‍ നിന്നും ബി എഡ്, എം എഡ് യോഗ്യതയുള്ളവര്‍ക്കും ക്യൂ ടി എസിനായി അപേക്ഷിക്കാം.

അതിനു പുറമെ, അദ്ധ്യാപന യോഗ്യത നേടിയ രാജ്യത്ത് നിങ്ങള്‍ക്ക് ടീച്ചര്‍ ആയി റെജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മാത്രമല്ല, നിശ്ചിത യോഗ്യത നേടിയതിനു ശേഷം ചുരുങ്ങിയത് ഒരു വിദ്യാഭ്യാസ വര്‍ഷമെങ്കിലുംപ്രവര്‍ത്തി പരിചയവും ആവശ്യമാണ്. അതുകൂടാതെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ് പരീക്ഷയില്‍ 5.5 സ്‌കോര്‍ നേടിയിരിക്കണം. അതുപോലെത്തന്നെ, ബ്രിട്ടനിലേക്ക് വിസ ലഭിക്കാന്‍ നിങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാവുകയുമരുത്. അതായത് ക്രിമിനല്‍ കേസുകള്‍ പോലെയുള്ളവയില്‍ ഉള്‍പ്പെടരുത് എന്ന് ചുരുക്കം.

നിലവില്‍ സ്റ്റുഡന്റ്സ് വിസ പോലെ മറ്റു വിസകളില്‍ യു കെയില്‍ ഉള്ളവര്‍ക്കും ക്യൂ ടി എസിനായി അപേക്ഷിക്കാവുന്നതാണ്. ഇത് ലഭിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സ്‌കില്‍ഡ് വിസയിലേക്ക് മാറാനും ബ്രിട്ടനില്‍ ജോലി ചെയ്യുവാനും സാധിക്കും. ഇന്ത്യയില്‍ നിന്നുള്ളവര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ ക്യു ടി എസിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് സംശയ നിവാരണം വരുത്താന്‍ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക