കുടുംബശ്രീ ദേശീയ സരസ്സ് മേളയെ ജില്ല ഹൃദയത്തോട് ചേര്‍ത്തപ്പോള്‍ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകര്‍ നേടിയത് 3.06 കോടിയുടെ വരുമാനം.19 വരെയുള്ള കണക്കുപ്രകാരം 2.68 കോടിയാണ് 245 പ്രദര്‍ശന വിപണന സ്റ്റാളുകളില്‍നിന്ന് മാത്രമുള്ള വരുമാനം. സരസ്സിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് ലഭിച്ചത്. 37.83 ലക്ഷം രൂപയാണ് ലഭിച്ചത്.

മേള ആരംഭിച്ച 15ന് 17.67 ലക്ഷവും 16ന് 40.38 ലക്ഷവും 17ന് 75.93 ലക്ഷവും 18ന് 92.76 ലക്ഷവും 19ന് 79.68 ലക്ഷവും രൂപയുടെ വില്‍പന വിവിധ സ്റ്റാളുകളില്‍ നടന്നു. മേള പൊടിപൊടിച്ചത് ഞായറാഴ്ചയായിരുന്നു. 92,76,090 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ 81,11,880 രൂപ പ്രദര്‍ശനസ്റ്റാളുകള്‍ക്കും 11,64,210 രൂപ ഭക്ഷ്യമേളക്കുമാണ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദര്‍ശനവിപണന സ്റ്റാളുകളില്‍ സ്റ്റാറായത് എറണാകുളത്തുനിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളാണ്. 4,60,515 രൂപയാണ് ഇതുവരെയുള്ള വരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയ സ്റ്റാളുകളില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സിനും ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രിയമുണ്ട്.4,36,500 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ തുണിത്തരങ്ങള്‍ക്കും ഉണക്കമുന്തിരിക്കും ആവശ്യക്കാരുണ്ട്. തൃശൂരില്‍നിന്നെത്തിയ കുടുംബശ്രീ വസ്ത്രവിപണസ്റ്റാളുകള്‍ക്കും മികച്ചനേട്ടം കൈവരിക്കാനായി.

ഭക്ഷ്യമേളയില്‍ കോളടിച്ചത് കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ്, 5.7 ലക്ഷം രൂപയുടെ വില്‍പന നടത്തി. ഇതരസംസ്ഥാനത്തുള്ള ഭക്ഷണങ്ങളില്‍ കോട്ടയത്തുകാര്‍ക്ക് പ്രിയം പഞ്ചാബി രുചിയാണ്. ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ പറഞ്ഞു. 24 വരെയാണ് മേള. രാവിലെ 10 മുതല്‍ രാത്രി 10വരെയാണ് പ്രവര്‍ത്തനസമയം. പ്രവേശനം സൗജന്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക