വിഴിഞ്ഞം കലാപവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി രംഗത്ത് എത്തിയത് ഇന്നലെ വാർത്തയായിരുന്നു. പ്രതിഷേധസമയത്ത് സ്ഥലത്തില്ലാതിരുന്ന ലാറ്റിൻ ആർച്ച് ബിഷപ്പിനെ ഒന്നാംപ്രതി ആക്കിയതും വൈദികരെ കേസിൽ പ്രതിയാക്കിയതും തെറ്റാണെന്നും, സർക്കാർ സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചിരുന്നു. ഇടതുമുന്നണിയിൽ എത്തിയതിനുശേഷം കേരള കോൺഗ്രസ് മുന്നണിയ്ക്കും സർക്കാരിനും എതിരെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കടുത്ത നിലപാട് എടുക്കുന്നത്.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്നാണ് വിലയിരുത്തൽ. സർക്കാരും ഇടതുമുന്നണിയും തങ്ങളുടെ ജനപ്രീതി ദിനംപ്രതി നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞുള്ള നീക്കങ്ങളാണ് ജോസ് നടത്തുന്നതെന്ന് വേണം അനുമാനിക്കാൻ. അധികാരമുള്ള പക്ഷത്ത് നിലയുറപ്പിക്കുക എന്ന ജോസ് കെ മാണിയുടെ രാഷ്ട്രീയ സിദ്ധാന്തമാണ് ഇവിടെ വെളിവാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൗ ജിഹാദിലെ മൗനം

പാലാ ബിഷപ്പ് വിശ്വാസ സമൂഹത്തിന് നൽകിയ ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് മുന്നറിയിപ്പുകൾ രാഷ്ട്രീയ വിഭാഗം ഉയർത്തിയപ്പോൾ ജോസ് കെ മാണിയും കേരള കോൺഗ്രസ് ജോസ് വിഭാഗവും മൗനം പാലിക്കുകയായിരുന്നു. ബിഷപ്പിനെതിരെ തങ്ങൾ കൂടി ഭാഗമായ സർക്കാർ ഗുരുതര വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോഴും കേരള കോൺഗ്രസ് പ്രതിഷേധമോ പ്രതിരോധമോ തീർത്തില്ല. ഈ വിഷയത്തിലെ കേരള കോൺഗ്രസിന്റെ തണുപ്പൻ സമീപനം അന്ന് പാലാ ഉൾപ്പെടെയുള്ള അവരുടെ ശക്തികേന്ദ്രങ്ങളിൽ വലിയ രീതിയിൽ വിമർശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.

ബാർകോഴ കേസിലെ വിവാദ നിലപാട്

ബാർകോഴ കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ നിയമസഭ തല്ലി തകർത്ത ഇടതു നേതാക്കളെ രക്ഷിക്കാൻ കോടതിയിൽ സർക്കാർ അഭിഭാഷകൻ കെഎം മാണി കൈക്കൂലിക്കാരൻ ആയിരുന്നു എന്ന നിലപാടെടുത്തപ്പോഴും കേരള കോൺഗ്രസ് കാര്യമായി ഇടതുമുന്നണിയോട് കലഹിച്ചില്ല. ജോസും ശക്തമായ വിയോജിപ്പും വിമർശനവും ഈ വിഷയത്തിൽ ഉയർത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് അണികൾക്കിടയിൽ പോലും വലിയ ആശയക്കുഴപ്പമുണ്ടാകുകയും മുറുമുറുപ്പ് ഉണ്ടാവുകയും ചെയ്തിരുന്നു.

പുതിയ നിലപാടിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ

ലത്തീൻ സഭയിലും, സമരഭൂമിയായ വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കേരള കോൺഗ്രസിന് നാമ മാത്രമായ സ്വാധീനം പോലുമില്ല. ഈ യാഥാർത്ഥ്യങ്ങൾ മുന്നിൽ നിൽക്കെ ജോസ് കെ മാണി നടത്തിയ സർക്കാർ വിമർശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ് എന്ന് വേണം അനുമാനിക്കാൻ. സർക്കാരിനോട് വിയോജിക്കാനും ഇടതുമുന്നണിയോട് അകലാനും ലഭിച്ച ആദ്യത്തെ അവസരം എന്നതിനപ്പുറം കേരള കോൺഗ്രസ് പാർട്ടിയെയും, അവരുടെ രാഷ്ട്രീയത്തെയും ഒരു രീതിയിലും സ്വാധീനിക്കുന്ന ഒരു വിഷയമല്ല വിഴിഞ്ഞം സമരവും അതുമായി ബന്ധപ്പെട്ട ആക്രമണങ്ങളും. അതുകൊണ്ടുതന്നെ ജോസ് കെ മാണിയുടെ പരസ്യപ്രസ്താവനയും വിമർശനങ്ങളും മറുകണ്ടം ചാടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് എന്ന് തന്നെയാണ് വിലയിരുത്തൽ.

ആക്കം കൂട്ടിയത് തരൂർ ഫാക്ടർ

കോൺഗ്രസിലും യുഡിഎഫിലും ശശി തരൂർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണിയുടെ ചടുലമായ നീക്കങ്ങൾക്ക് പിന്നിൽ എന്നും സംശയിക്കേണ്ടതുണ്ട്. തരൂരിന് ലഭിക്കുന്ന ജനകീയ പിന്തുണ വളരെ വലിയതാണ്. തരൂർ നടത്തുന്ന നീക്കങ്ങൾ വിജയിക്കുകയും അദ്ദേഹം യുഡിഎഫ് സംവിധാനത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടപ്പെടുകയും ചെയ്താൽ വലിയ വിജയമാവും യുഡിഎഫിനെ കാത്തിരിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ അവസരം മുതലെടുത്ത് മറുകണ്ടം ചാടാനുള്ള നീക്കങ്ങൾക്ക് ജോസും ആക്കം കൂട്ടിയിരിക്കുകയാണ് എന്ന വികാരമാണ് പൊതുവിൽ ഉള്ളത്. ശശി തരൂരീമായി ജോസ് കെ മാണിക്ക് വ്യക്തി ബന്ധമുണ്ട്. ഡിസംബർ മൂന്നിന് പാലായിൽ ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ ജോസും കാര്യമായ റോൾ ഒന്നുമില്ലെങ്കിലും വന്നു പങ്കുചേരും എന്നും ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ചതിയിലെ വഞ്ചന?

നേരത്തെ തന്നെ കെസി വേണുഗോപാൽ വി ഡി സതീശൻ എന്നീ നേതാക്കളുമായി ജോസ് കെ മാണി പിൻവാതിൽ ചർച്ചകൾ നടത്തുന്നുണ്ട് എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസിലെ ഈ നേതൃനിര പ്രതിരോധത്തിൽ ആയതുകൊണ്ട് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവരെ തഴഞ്ഞ് തരൂർ പക്ഷ നിലപാടെടുക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോൾ കേരള കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നതെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിൽ ജോസ് രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തിയാൽ ആ നീക്കങ്ങളെ പ്രതിരോധിക്കുവാൻ യുഡിഎഫിനുള്ളിൽ തന്നെ മറുചേരിയും തന്ത്രം ഒരുക്കുമെന്നും അതുകൊണ്ടുതന്നെ ഉറപ്പിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക