സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ പൊതുമരാമത്ത് മന്ത്രി പുലിവാലു പിടിച്ചു. സ്ഥലംമാറ്റപ്പെട്ട ഓവര്‍സിയര്‍ പരാതിക്കാധാരമായ സംഭവം നടന്ന ദിവസം അവധിയിലായിരുന്നതാണ് മന്ത്രിയെ വെട്ടിലാക്കിയത്. അസി. എക്സി. എന്‍ജിനീയര്‍ എസ്. റസീനയെ മലപ്പുറത്തേക്കും അസി. എന്‍ജിനീയര്‍ അഭിലാഷിനെ കണ്ണൂരിലേക്കും ഓവര്‍സിയര്‍ സുമയെ ഇടുക്കിയിലേക്കുമാണ് സ്ഥലംമാറ്റിയത്. നവംബര്‍ അഞ്ചിനു മുമ്ബ് പണികള്‍ തീര്‍ക്കണമെന്നായിരുന്നു എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കര്‍ശന നിര്‍ദേശം.

എന്നാല്‍, ശക്തമായ തുലാമഴ ഇതിന് തടസ്സമായി. ഒക്ടോബര്‍ 31ന് പറക്കോട് ഹൈസ്കൂള്‍ ജങ്ഷനില്‍ തകര്‍ന്ന പാതഭാഗം കഴിഞ്ഞ ദിവസം കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചുമാറ്റിയ ശേഷം ബെറ്റുമിന്‍ മെക്കാഡം കുത്തിനിറച്ചുകൊണ്ടിരുന്നപ്പോള്‍ ശക്തമായ മഴ പെയ്തു. മെറ്റല്‍ കൂനകളുടെ ഇടക്ക് വെള്ളം കെട്ടിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അസി. എന്‍ജിനീയറും ഓവര്‍സിയറും പണി നിര്‍ത്തിവെപ്പിച്ച്‌ തിരികെപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, മഴ കുറഞ്ഞപ്പോള്‍ അധികൃതരെ അറിയിക്കാതെ കരാറുകാരന്‍ പണി പുനരാരംഭിച്ചു. മഴയത്ത് റോഡുപണി ചെയ്യുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സ്വകാര്യ വ്യക്തി മന്ത്രിക്ക് അയച്ചുകൊടുത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പത്തനംതിട്ട എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതാണ് മന്ത്രിക്ക് അബദ്ധം പിണയാന്‍ ഇടയാക്കിയതെന്ന് അറിയുന്നു.

നടപടിക്കിരയായ ഉദ്യോഗസ്ഥര്‍ പിന്നീട് തെളിവുസഹിതം വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് ഓവര്‍സിയര്‍ സുമയുടെ സ്ഥലംമാറ്റ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചു. എന്നാല്‍, മറ്റു രണ്ടുപേരുടെയും കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടായതുമില്ല. ഇവര്‍ ഉത്തരവ് അനുസരിച്ച്‌ അതത് സ്ഥലങ്ങളില്‍ ചുമതലയേറ്റു. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും സംസ്ഥാന പാതയിലെ പണികള്‍ മുടങ്ങിയതും ഇതിനിടെ വിവാദമാകുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക