തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്‌ മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് പരാതി. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച റിയാസിന്റെ പ്രസംഗം.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീം ക്യാമറമാനെ വേദിക്ക് പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയത് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ മായ്ക്കാനെന്നാണ് ആരോപണം. നേരത്തെ തീരുമാനിച്ച കാര്യമെന്നാണ് സ്റ്റേഡിയം നിര്‍മ്മാണത്തെ കുറിച്ച്‌ റിയാസ് പ്രസംഗത്തില്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട് നഗരത്തിലെ സ്റ്റേഡിയം വികസിപ്പിക്കാൻ പരിമിതിയുണ്ടെന്നും അതിനാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വലിയ മറ്റൊരു സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രസംഗം. എല്‍ഡ‍ിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയായിരുന്നു ഇത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഉണ്ടായിരുന്നു

മന്ത്രിയുടെ പ്രസംഗത്തിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വേദിയില്‍ ഉണ്ടായിരുന്ന എളമരം കരീം എഴുന്നേറ്റ് ക്യാമറമാന്റെ സമീപത്തേക്ക് പോയി. ഇവിടെ നിന്നും ഇദ്ദേഹത്തെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി റിയാസിന്റെ പ്രസംഗം കഴിയുന്നത് വരെ ഇവര്‍ ഗ്രീൻ റൂമില്‍ തുടര്‍ന്നു. ബലമായി വീഡിയോ നശിപ്പിച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം. പെരുമാറ്റ ചട്ട ലംഘനം തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഇതൊരു പുതിയ പ്രഖ്യാപനം അല്ലെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്നും പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക