തിരൂര്‍: മുസ്‍ലിം പേരില്‍ ഫേസ്ബുക്കില്‍ വ്യാജ ഐ.ഡി ഉണ്ടാക്കി വിദ്വേഷപ്രചരണം നടത്തിയയാളെ കണ്ടെത്താൻ പ്രാഥമികാന്വേഷണം പോലും നടത്താതെ ലുക്കൗട്ട് നോട്ടീസ് പരസ്യം പുറത്തിറക്കി പരിഹാസ്യരായി കാഞ്ഞിരപ്പള്ളി പൊലീസ്. അമല്‍ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത വ്യാജ ഐ.ഡിയെ തേടിയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാൻ മുസ്‍ലിം പേരില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ സൃഷ്ടിച്ചതാണെന്ന് പ്രസ്തുത അക്കൗണ്ടിനെ കുറിച്ച്‌ തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് പൊലീസ് അന്വേഷണവുമായി ഇറങ്ങിത്തിരിച്ചത്. പാകിസ്താൻ സ്വദേശിയുടെ ഫോട്ടോയും മലപ്പുറം തിരൂര്‍ സ്വദേശിയായ ഗവ. ഡോക്ടറുടെ അഡ്രസും ഉപയോഗിച്ചായിരുന്നു ഫേസ്ബുക് ഐ.ഡി സൃഷ്ടിച്ചത്. ഇതുപോലും പരിശോധിക്കാതെയാണ് പൊലീസ് പേരും സ്ഥലവും ഫോട്ടോയും ഉള്‍പ്പെടെയുള്ള ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച്‌ പ്രതിയെ തേടി തിരൂരിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയെ പിടിക്കാൻ ദിവസങ്ങള്‍ക്ക് മുമ്ബ് തിരൂരിലെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് തിരൂരിലെ ഡോക്ടറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണെന്ന് വ്യക്തമായത്. വ്യാജ അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയും വ്യാജമാണെന്നും അത് പാകിസ്താൻ സ്വദേശിയായ മുഹമ്മദ് താരീഖ് മജീദിന്റേത് ആണെന്നും വ്യക്തമായി.

ഇതോടെ പ്രതിയെ പിടികൂടാനായി രാത്രിയില്‍ ഡോക്ടറുടെ വീട്ടിലെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് തങ്ങള്‍ക്ക് പറ്റിയ പിഴവ് തിരിച്ചറിഞ്ഞ് തിരൂരില്‍ നിന്ന് മടങ്ങുകയുമായിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്ബ് പൊലീസ് അന്വേഷണം നടത്താതിരുന്നതാണ് ഇത്തരമൊരു ഗുരുതര പിഴവിന് ഇടയാക്കിയതെന്ന ആക്ഷേപം സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമാണ്. വ്യാജ അക്കൗണ്ടിലൂടെ വിദ്വേഷ പ്രചരണം നടത്തിയയാളെ ഉടൻ പിടികൂടണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

പരാതിക്കാരൻ ഓൺലൈൻ മാധ്യമ സ്ഥാപന ഉടമ

കോട്ടയത്തെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ആയ വ്യക്തിയാണ് ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ പരാതിക്കാരൻ നൽകിയ വിവരങ്ങളെ മാത്രം വിശ്വാസ്യതയിൽ എടുത്താണ് പോലീസ് നീങ്ങിയത്. സേനയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട ജാഗ്രതാപൂർവ്വമായ പരിശോധനകളും, അന്വേഷണങ്ങളും നടത്താതെ പരാതിയെ അപ്പടി വിഴുങ്ങി വ്യാജ അക്കൗണ്ടിന്റെ പേരിൽ ഒരു വ്യക്തിക്കെതിരെ അയാളുടെ മേൽവിലാസം സഹിതം പരസ്യപ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത് ഗുരുതരമായ പിഴവായിട്ടാണ് വിലയിരുത്തപ്പെടുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക