കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിയുമായ സത്യേന്ദര്‍ ജയിനിന് തീഹാര്‍ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി വിമര്‍ശനം. കട്ടിലില്‍ കിടക്കുന്ന മന്ത്രിയ്ക്ക് മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം രൂക്ഷമായത്.

സെപ്തംബര്‍ 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.സംഭവം വിവാദമായതിന് പിന്നാലെ എ എ പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. ശിക്ഷയ്ക്ക് പകരം സത്യേന്ദര്‍ ജയിനിന് വി വി ഐ പി പരിഗണനയാണ് ലഭിക്കുന്നത്. തീഹാര്‍ ജലിലിനുള്ളില്‍ മസാജ്. എ എ പി സര്‍ക്കാരിന്റെ കീഴിലുള്ള ജയിലില്‍ ഗുരുതരമായ നിയമലംഘനം നടക്കുന്നുവെന്നും ഷെഹ്‌സാദ് പൂനവാല ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംഭവത്തില്‍ ബി ജെ പിയെ വിമര്‍ശിച്ച്‌ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തുവന്നു. ഡല്‍ഹിയിലെയും ഗുജറാത്തിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ബി ജെ പി വിലകുറഞ്ഞ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് മനീഷ് സിസോദിയ പറഞ്ഞു.ജയിനിന് ജയിലിനുള്ളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി ഒക്‌ടോബര്‍ അവസാനത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഡല്‍ഹിയിലെ സ്‌പെഷ്യല്‍ കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

അജ്ഞാതരായ ആളുകള്‍ നിരോധിത സമയത്തിന് ശേഷവും ജയിലിനുള്ളില്‍ ജയിനിന് മസാജ് ചെയ്യുന്നു. പ്രത്യേക ആഹാരം നല്‍കുന്നു. ജയിന്‍ കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നു. അല്ലാത്ത സമയങ്ങളില്‍ ജയിലിനുള്ളില്‍ വിവിധ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു. ജയിനിന്റെ ഭാര്യ പൂനം ജയിന്‍ അനുവദിച്ചിരിക്കുന്ന സമയപരിധിയ്ക്ക് ശേഷവും ജയിനുമായി സമയം ചെലവഴിക്കുന്നു. ജയില്‍ സൂപ്രണ്ട് ദിവസേന ജയിനിനെ സന്ദര്‍ശിക്കുന്നതായും ഇഡി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇഡിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഡല്‍ഹി ചീഫ് സെക്രട്ടറിയോട് ആരാഞ്ഞിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം 2017ല്‍ സി ബി ഐ സമര്‍പ്പിച്ച എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെയിനെയും മറ്റ് രണ്ട് പേരെയും മേയ് 30 നാണ് ഇഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നാല് കമ്ബനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. ഇഡി കേസുമായി ബന്ധപ്പെട്ട് ജയിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി നവംബര്‍ 17ന് തള്ളിയിരുന്നു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് തടയാന്‍ ജയിന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തിയെന്നാണ് കോടതി വിലയിരുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക