മന്ത്രി മുഹമ്മദ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വിവാദ വിഡിയോ ദൃശ്യം മായ്ച്ചതിനെ കുറിച്ച്‌ കലക്ടര്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കും. ഏപ്രില്‍ രണ്ടിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട നിരീക്ഷണ സംഘത്തെ ഭീഷണിപ്പെടുത്തി ബലമായി വിഡിയോ ഡിലീറ്റ് ചെയ്ത സംഭവത്തിലാണ് വീണ്ടും റിപ്പോർട്ട് തയാറാക്കുന്നത്.

ദൃശ്യം മായ്ച്ചിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് (സി.ഇ.ഒ) കലക്ടർ കഴിഞ്ഞദിവസം റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍, റിപ്പോർട്ടിലെ അവ്യക്തത ചൂണ്ടിക്കാട്ടി സി.ഇ.ഒ കലക്ടറോട് വീണ്ടും വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കേണ്ടിവന്നത്. ഡിലീറ്റ് ചെയ്ത വിഡിയോ വീണ്ടെടുത്തിരുന്നു. വിഡിയോ എടുത്ത സമയം, മായ്ച്ചുകളഞ്ഞ സമയം, തിരിച്ചെടുത്ത സമയം എന്നിവയെല്ലാം വ്യക്തമായിരിക്കെ ഡേറ്റ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനാണ് കലക്ടർ നിർബന്ധിതമായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. കോഴിക്കോട് സ്‌റ്റേഡിയത്തെ രാജ്യാന്തര നിലവാരത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. ഈ പ്രസംഗം നിരീക്ഷക സംഘം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ കോഴിക്കോട് ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീം വീഡിയോഗ്രാഫറെ സ്‌റ്റേജിനു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ഇയാള്‍ പുറത്തുവന്നത്.

ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞുവെന്ന് ആരോപിച്ച്‌ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കണ്‍വീനർ അഡ്വ. പി.എം. നിയാസ് നല്‍കിയ പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. തന്റെ പ്രസംഗം പെരുമാറ്റച്ചട്ടലംഘനമാണെന്ന് യു.ഡി.എഫ് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നുവെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്.

ഏപ്രില്‍ ഒന്നിന് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ആദ്യ പരിപാടി നിശ്ചയിച്ചത്. യു.ഡി.എഫ് പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി ബാനർ എടുത്തുകൊണ്ടുപോവുകയും സ്പോർട്സ് കൗണ്‍സിലിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയെന്നാണ് പ്രസിഡന്റ് മറുപടി നല്‍കിയത്. ഇതേ പരിപാടിയാണ് പിറ്റേദിവസം നളന്ദയില്‍ നടന്നതും വിവാദമായതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക