ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമര്‍ശം സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമര്‍ശം. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമര്‍ശം.

മന്ത്രിമാര്‍ക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതില്‍ മന്ത്രിമാര്‍ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കായിരുന്നു റിയാസ് വിശദമായ മറുപടി നല്‍കിയത്. എല്‍ഡിഎഫ് മന്ത്രിമാര്‍ എല്ലാവരും സര്‍ക്കാര്‍ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു മന്ത്രിമാര്‍ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച്‌ മുഹമ്മദ് റിയാസ് ഓര്‍മ്മിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നല്‍കിയ നിര്‍ദ്ദേശം മന്ത്രിമാര്‍ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച്‌ മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സര്‍ക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാര്‍ അഭിപ്രായം പറയണം എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയര്‍ന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച്‌ ആവുകയും എന്നാല്‍ ഈ വിഷയങ്ങളില്‍ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.

അതേസമയം, ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻ്റ് പിടിയിലായ സംഭവത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാര്‍ക്കോ പാര്‍ട്ടി സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്.

മുഖ്യമന്ത്രിയെ പിന്തുണച്ചാല്‍ പിന്തുണയ്ക്കുന്നവര്‍ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് ഓര്‍മ്മപ്പെടുത്തി. മുഹമ്മദ് റിയാസിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയാണ്. അതേസമയം, മന്ത്രിമാര്‍ക്ക് എതിരെ റിയാസ് പ്രത്യക്ഷത്തില്‍ പരാമര്‍ശം ഒന്നും നടത്താത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സിപിഎം ഒരു പരസ്യം നിലപാട് ഉടൻ പറയാൻ ഇടയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക