അടുത്ത മാസം ഗുജറാത്ത് ആര് ഭരിക്കണമെന്ന് വിധിയെഴുതാന്‍ പോവുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ബി ജെ പിയാണ് ഗുജറാത്തില്‍ അധികാരം കൈയാളുന്നത്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി- കോണ്‍ഗ്രസ് പോരിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. ലോകനീതി-സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് പോള്‍ സര്‍വെ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നാടകീയമായി മാറി എന്നാണ്.

ഇത്തവണ ആം ആദ്മി ശക്തമായ സാന്നിധ്യമായി സംസ്ഥാനത്തുണ്ട്. അതിനാല്‍ ഇത്തവണ പതിവിന് വിപരീതമായി ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിലവില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബി ജെ പി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്ന് സി എസ് ഡി എസ്- ലോക്‌നീതി സര്‍വെ പറയുന്നു. അതായത് തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടി വോട്ട് ശതമാനം ബി ജെ പിക്കുണ്ട്. ഞെട്ടിക്കുന്ന കാര്യം ആം ആദ്മിയുടെ വളര്‍ച്ചയാണ്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ബി ജെ പിയുടെ ഏറ്റവും അടുത്ത എതിരാളിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആം ആദ്മി പാര്‍ട്ടിയാണ് എന്ന് സാരം. ബി ജെ പി ഇതര ഓപ്ഷനായി സംസ്ഥാനത്തെ വലിയ വിഭാഗം വോട്ടര്‍മാര്‍ ആം ആദ്മിയെ ആണ് നോക്കികാണുന്നത്. പ്രായമായവരുടെ പിന്തുണ ബി ജെ പിക്കാണ് കൂടുതല്‍. എന്നാല്‍ അഭ്യസ്തവിദ്യരായ മധ്യവയസ്‌കരും യുവാക്കളും ആം ആദ്മിയെ ആണ് കൂടുതല്‍ പിന്തുണക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ബി ജെ പിക്കാണ് മികച്ച പിന്തുണയുള്ളത്. അതേസമയം കോണ്‍ഗ്രസിനും ആം ആദ്മിക്കും ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ ആണ് വലിയ പിന്തുണയുള്ളത്. സമ്ബന്നരും ബി ജെ പിക്കാണ് പിന്തുണ എന്നാണ് സര്‍വെ സൂചന നല്‍കുന്നത്.

അതേസമയം ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടേയും വോട്ടിന്റെ നാലിലൊന്ന് ആം ആദ്മി പിടിച്ചെടുക്കുകയാണ്. സമ്ബന്ന വിഭാഗങ്ങള്‍ക്കിടയില്‍ പരിമിതമായ പിന്തുണയും പാര്‍ട്ടിക്കുണ്ട്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലും സമ്ബന്നര്‍ക്കിടയിലും നാലിലൊന്ന് പേരും കോണ്‍ഗ്രസിനെയും അനുകൂലിക്കുന്നുണ്ട്. ജാതിസമവാക്യങ്ങള്‍ ശക്തമായ, ജയപരാജയങ്ങള്‍ പോലും നിര്‍ണയിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ പ്രബലരായ പട്ടീദാര്‍മാര്‍ക്കും സവര്‍ണ ജാതിക്കാര്‍ക്കും ഇടയില്‍ ബി ജെ പിക്ക് ശക്തമായ പിന്തുണയുണ്ട് എന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. 2017 നെ അപേക്ഷിച്ച്‌, കോണ്‍ഗ്രസില്‍ നിന്ന് പട്ടീദാര്‍ വോട്ടിന്റെ വലിയൊരു ഭാഗം ബി ജെ പിയിലേക്ക് പോയിട്ടുണ്ട്.

കോലി ഇതര പിന്നാക്ക വിഭാഗങ്ങളില്‍ ബി ജെ പിക്കാണ് ഭൂരിപക്ഷ പിന്തുണ. സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് ഇതില്‍ മേല്‍ക്കൈ ഉണ്ട്. ഗോത്രവര്‍ഗ വോട്ടുകളിലും മൂന്ന് തരത്തിലുള്ള വിഭജനം ഉണ്ട്. ഇതില്‍ ഭൂരിപക്ഷ പിന്തുണ ബി ജെ പിക്ക് അവകാശപ്പെടാവുന്നതാണ്. കോലി വോട്ടിന്റെ കാര്യത്തിലും ബി ജെ പിക്കാണ് മേല്‍ക്കൈ. അതേസമയം സംസ്ഥാനത്തെ പകുതിയോളം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. മുസ്ലീം വോട്ടര്‍മാരില്‍ 10 ല്‍ മൂന്ന് പേര്‍ ആം ആദ്മിയെയും 10 ല്‍ ഒരാള്‍ ബി ജെ പിയെയും പിന്തുണക്കുന്നു. 2017 നെ അപേക്ഷിച്ച്‌ കോണ്‍ഗ്രസിനും ബി ജെ പിക്കും മുസ്ലീം വോട്ടില്‍ കാര്യമായ കുറവ് ഉണ്ട് എന്നത് വ്യക്തമാണ്.

കോണ്‍ഗ്രസ് അനുഭാവികളില്‍ നാലില്‍ മൂന്ന് പേരും കോണ്‍ഗ്രസിന് തന്നെ ഇത്തവണയും വോട്ട് ചെയ്യും. ബി ജെ പി അനുഭാവികളില്‍ 10 ല്‍ ഏഴ് പേരും ബി ജെ പിക്ക് വോട്ട് ചെയ്യും. ആം ആദ്മി വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും തങ്ങളുടെ തെരഞ്ഞെടുപ്പ് മുന്‍ഗണന മാറ്റില്ലെന്ന് സൂചിപ്പിച്ചതായി സര്‍വെ പറയുന്നു. അതേസമയം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരാമെന്ന് ആം ആദ്മി അനുഭാവികളില്‍ മൂന്നിലൊന്ന് പേര്‍ സമ്മതിക്കുന്നു.

എന്നാല്‍ ബി ജെ പി, കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ ആ അനിശ്ചിതത്വം വളരെ കുറവാണ്. എന്നാല്‍ കോണ്‍ഗ്രസിന് ആശിക്കാവുന്ന ചില സൂചനകളും സര്‍വെ നല്‍കുന്നുണ്ട്. ഒരു മൂന്നാം ബദല്‍ മത്സരത്തിനിറങ്ങിയ സാഹചര്യത്തിലും പകുതിയിലധികം വോട്ടര്‍മാരും (56%) കോണ്‍ഗ്രസ് ഫലപ്രദമായ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നു. ആം ആദ്മി വോട്ടര്‍മാരില്‍ അഞ്ചില്‍ മൂന്ന് പേരും ബി ജെ പി വോട്ടര്‍മാരില്‍ പകുതിയിലധികം പേരും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗുജറാത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പുള്ള സ്ഥിതികള്‍ ബി ജെ പിക്ക് അനുകൂലമാണ്. രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണെന്നും വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക