ഹൈദരാബാദ്: തെലങ്കാനയില്‍ ടി.ആര്‍.എസ് എം.എല്‍.എമാരെ വിലക്കുവാങ്ങാനുള്ള ശ്രമത്തില്‍ ഇടനിലക്കാരനായവരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍). ടി.ആര്‍.എസിന്റെ നാല് എം.എല്‍.എമാരെ 100 കോടി വീതം വാഗ്ദാനംചെയ്ത് വാങ്ങാന്‍ ബി.ജെ.പി ശ്രമിച്ചെന്നാണ് പ്രഗതി ഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചത്.

‘ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുകയാണ്. ജനാധിപത്യത്തെ അവരാണ് കൊലചെയ്യുന്നത്. ഇവിടെ ഏക്നാഥ് ഷിന്‍ഡെമാരെ ഉണ്ടാക്കുന്നത് ആ പാര്‍ട്ടിയാണ്. ‘നിങ്ങളുടെ എം.എല്‍.എമാര്‍ എന്നെ വിളിക്കുന്നുണ്ട്’ എന്ന് ഏതെങ്കിലും പ്രധാനമന്ത്രി മുമ്ബ് പറഞ്ഞിട്ടുണ്ടോ? ഇതാണ് ‘അദ്ദേഹം’ ബംഗാളില്‍ മമതയോട് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തിനാണ് നമ്മളിതൊക്കെ സഹിക്കുന്നത്. കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് രാജ്യത്തെ രക്ഷിക്കണം. ബി.ജെ.പി ടി.ആര്‍.എസ് എം.എല്‍.എമാരെ ചാക്കിടാന്‍ നടത്തിയതിന്റെ തെളിവ് കോടതിക്ക് കൈമാറും. ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. രാമചന്ദ്ര ഭാരതി എന്നയാള്‍ എം.എല്‍.എ രോഹിത് റെഡ്ഡിയോട് പറഞ്ഞത് തങ്ങള്‍ ഇതിനകം രാജ്യത്തെ എട്ടു സര്‍ക്കാറുകളെ താഴെയിറക്കിയെന്നാണ്. ഇനി തെലങ്കാനയിലും ആന്ധ്രയിലും രാജസ്ഥാനിലും ഡല്‍ഹിയിലും അത് ആവര്‍ത്തിക്കുമെന്നും പറഞ്ഞു.

പക്ഷേ, ഞങ്ങളിത് കൈയോടെ പിടികൂടി. ഇത് സംഘടിത കുറ്റകൃത്യമാണ്. പിടിയിലായ ഓരോരുത്തര്‍ക്കും മൂന്ന് ആധാര്‍ കാര്‍ഡുവരെയുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ അട്ടിമറിനീക്കത്തിന്റെ തെളിവായി കെ.സി.ആര്‍ രഹസ്യമായി ചിത്രീകരിച്ച വിഡിയോയും ഹാജരാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിച്ചയാളാണ് തുഷാര്‍ വെള്ളാപ്പള്ളി. കേന്ദ്രമന്ത്രിയാണ് അയാളുടെ സ്ഥാനാര്‍ഥിത്വം അന്ന് പ്രഖ്യാപിച്ചത്. എല്ലാ കാര്യങ്ങളും നീക്കിയത് ബി.എല്‍. സന്തോഷ്, തുഷാര്‍ എന്നിവരും മറ്റൊരാളും ചേര്‍ന്നാണ്. അവര്‍ വഴിയാണ് അമിത് ഷായിലേക്കും ജെ.പി. നഡ്ഡയിലേക്കും കണ്ണി നീളുന്നത് -കെ.സി.ആര്‍ പറഞ്ഞു.

എം.എല്‍.എമാരെ ചാക്കിടാന്‍ ശ്രമിച്ച രാമചന്ദ്രഭാരതി എന്ന സതീഷ് ശര്‍മ, നന്ദ കുമാര്‍, സിംഹയാജി സ്വാമ്യത് എന്നിവര്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. ബി.ജെ.പിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേര്‍ന്ന് തനിക്ക് പാര്‍ട്ടി മാറി ബി.ജെ.പിയിലെത്താന്‍ 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച്‌ ടി.ആര്‍.എസ് എം.എല്‍.എ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക