ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. അവരുടെ പാര്‍ട്ടിയായ വൈഎസ്‌ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ന് ശര്‍മിള സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തൊട്ടുപിന്നാലെയാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പും അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ തെലുങ്ക് ദേശത്ത് കരുത്താര്‍ജിക്കാനുള്ള നീക്കങ്ങളിലാണ് കോണ്‍ഗ്രസ്. തെലങ്കാന തട്ടകമാക്കാനുള്ള നീക്കം ശര്‍മിളയും നടത്തിവരികയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അവരുടെ വരവില്‍ സംശയമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) വിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ശര്‍മിള മാധ്യമങ്ങളോട് പ്രതികരിച്ചത്. അര മണിക്കൂര്‍ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ എന്തൊക്കെ വിഷയമായി എന്ന് അവര്‍ വിശദീകരിച്ചില്ല. അതേസമയം, കോണ്‍ഗ്രസിലേക്ക് ശര്‍മിള അടുക്കുന്നു എന്നാണ് റിപ്പാര്‍ട്ടുകള്‍.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുന്‍കൈയ്യെടുത്താണ് ശര്‍മിളയെ കോണ്‍ഗ്രസിലെത്തിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിലും ഡികെ ശിവകുമാറിനെ ബെംഗളൂരുവിലെത്തി ശര്‍മിള കണ്ടിരുന്നു. തെലങ്കാന കോണ്‍ഗ്രസില്‍ സുപ്രധാനമായ പദവികള്‍ ശര്‍മിളയ്ക്ക് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ശര്‍മിളയുടെ നീക്കം സ്വന്തം പാര്‍ട്ടിയുടെ നേതാക്കള്‍ അറിയാതെയാണ് എന്നാണ് വിവരം. ശര്‍മിളയുടെ ഡല്‍ഹി യാത്ര സംബന്ധിച്ചോ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച സംബന്ധിച്ചോ പാര്‍ട്ടിക്ക് അറിയില്ലെന്ന് വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി വക്താവ് കൊണ്ട രാഘവ റെഡ്ഡി പ്രതികരിച്ചു. അതേസമയം, ചര്‍ച്ചകള്‍ മറ്റൊരു വഴിക്ക് പോകേണ്ടെന്ന് കരുതിയാണ് പാര്‍ട്ടി നേതാക്കളുടെ ഇത്തരം പ്രതികരണം എന്നും പറയപ്പെടുന്നു.

വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പലൈര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. ശര്‍മിളയുടെ നീക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്. ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റും സംസ്ഥാന അധ്യക്ഷ പദവിയും വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക