ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ തനിക്ക് അറിയാമെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 50 കൊല്ലമായി താന്‍ രാഷ്ട്രീയരംഗത്തുള്ള വ്യക്തിയാണെന്നും ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: ”ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം. ഞാന്‍ പുതുമുഖമല്ല, നല്ല രാഷ്ട്രീയ പരിചയമുണ്ട്. 50 കൊല്ലമായി ഈ പണി തുടങ്ങിയിട്ട്. അതുകൊണ്ട് എനിക്ക് അറിയാം, അവരെ എങ്ങനെ സഹകരിപ്പിക്കണമെന്ന്.” വിഎം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഒറ്റപ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ”അതിനോടൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഈ നല്ലൊരു സന്ദര്‍ഭത്തില്‍ നെഗറ്റീവായ ഒരു വാക്കും എന്റെ വായില്‍ നിന്ന് വരില്ല. അതിന് വേണ്ടി ആരും ഒന്നും ചോദിക്കേണ്ട.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് താന്‍ ഉദേശിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കുത്തഴിഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

കെ സുധാകരന്‍ പറഞ്ഞത്: ”രാഹുല്‍ ഗാന്ധി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ ആവേശത്തോടെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കും. എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവയ്ക്കും. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകും. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും നേതാക്കന്‍മാര്‍ക്കും സ്വീകാര്യമാകുന്ന മാറ്റങ്ങളായിരിക്കും നടപ്പിലാക്കുക. കുത്തഴിഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കി പരമാവധി സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനാണ് ഞാന്‍ മനസുകൊണ്ട് ഉദേശിക്കുന്നത്. അതിന് പാര്‍ട്ടിയുടെയും ഹൈക്കമാന്റിന്റെയും അനുമതി വേണം. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. വ്യത്യസ്ത ശൈലി സ്വീകരിക്കുമ്പോള്‍ അതിന് ഹൈക്കമാന്റ് അനുമതി വേണം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് പുതിയ മുഖം കൈവരിക്കാന്‍ സാധിക്കും. ”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക