കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്നെ മത്സരിക്കും. വീണ്ടും മത്സരിക്കാന്‍ സുധാകരന് എഐസിസി നേതൃത്വം നിര്‍ദേശം നല്‍കി. ഇതോടെ സിറ്റിംഗ് എംപിമാരെല്ലാം മത്സരത്തിനിറങ്ങും. കെപിസിസി പ്രസിഡന്റ് സ്ഥാനവും എംപി സ്ഥാനവും ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചില്ല.

സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള കണ്ണൂരില്‍ വിജയിക്കാന്‍ സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നത്. മത്സരിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ആലപ്പുഴയിൽ മത്സരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സമ്മതം അറിയിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വേണുഗോപാൽ നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് നഷ്ടമായ ഏക സീറ്റ് ആയിരുന്നു ആലപ്പുഴ. ദീർഘകാലം ആലപ്പുഴയെ പ്രതിനിധീകരിച്ച് എംപിയായിരുന്ന കെസി വേണുഗോപാൽ മത്സരിച്ചാൽ സീറ്റ് തിരികെ പിടിക്കാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

സംസ്ഥാനത്ത് സതീശൻ യുഗം: അതേസമയം നിലവിൽ ഉരുത്തിരിയുന്ന തീരുമാനങ്ങൾ എല്ലാം വി ഡി സതീശന് അനുകൂലമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിലെ ഏക നേതൃമുഖമായി സതീശൻ മാറുകയാണ്. ശശി തരൂരും, കെ സുധാകരനും, കെസി വേണുഗോപാലും ലോക്സഭാംഗങ്ങൾ ആകുമ്പോൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നായികസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെയാവും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക