തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന പോലീസ് ആക്രമണങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സൈബര്‍ ​ഗ്രൂപ്പുകള്‍. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ ഡി വൈ എഫ് ഐക്കാരനായ യുവാവിനെ ഉള്‍പ്പെടെ തല്ലിചതച്ച പശ്ചാത്തലത്തിലാണ് വിമര്‍ശനം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും പിണറായി വിജയന്‍ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും വകുപ്പ് ഏല്‍പ്പിക്കണമെന്നുമാണ് ഇടത് അനുകൂല പ്രൊഫൈലുകളുടെ ആവശ്യം.

കേരളം ഒരു പൊലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. പൊലീസിന് തോന്നുന്നതു ചെയ്യും. ചോദിക്കാനും പറയാനും പോലീസുകാര്‍ തന്നെ. ജനപ്രതിനിധിയായ ആഭ്യന്തര മന്ത്രി പൊലീസുകാരന്‍ എഴുതിക്കൊടുക്കുന്നതു വായിക്കും. എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍നിന്നിട്ട് പറയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീരാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിലും ആഭ്യന്തര മന്ത്രി പറഞ്ഞത് നീതി നടപ്പാക്കുമെന്നാണ്. കിളികൊല്ലൂര്‍ കേസ് ലോകം മുഴുവന്‍ അറിഞ്ഞാലും മുഖ്യമന്ത്രിയോ ഡിവൈഎഫ്‌ഐക്കാരോ അറിയില്ല. മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുത്തിട്ടുണ്ടെന്ന് പറയും. മയക്കുമരുന്ന് കേസില്‍ ജാമ്യം നില്ക്കാന്‍ വിസമ്മതിച്ചതിനെ പേരില്‍ രണ്ടുയുവാക്കളെ ഭേദ്യം ചെയ്തു ജയിലിലടച്ച കേസാണ് അത്. അവരുടെ വിരലുകളും കൈയുമൊക്കെ സ്റ്റേഷനില്‍ വച്ച്‌ പോലീസുകാര്‍ അടിച്ചുതകര്‍ത്ത കേസാണ്. എന്താണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളതെന്നും പോസ്റ്റില്‍ ചോദിക്കുന്നു. നിയമത്തോട് ബഹുമാനമുള്ള ആരെങ്കിലും പൊലീസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കണ്ട കേസാണ് പകുതി ശമ്ബളവും കൊടുത്തു വീട്ടിലിരുത്തിയിരിക്കുന്നതെന്നുമാണ് വിമര്‍ശനം.

അഭ്യന്തര വകുപ്പ് പിണറായി വിജയന്‍ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും സ്വതന്ത്രമായി ഏല്‍പ്പിക്കണം എന്നത് നേരത്തെ വിചാരിച്ചതായിരുന്നെന്ന് ബീന സണ്ണി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരവകുപ്പ് ഒരു തികഞ്ഞ പരാജയമാണെന്ന് നാള്‍ക്കുനാള്‍ കൂടുതല്‍ തെളിയിക്കപ്പെടുകയാണ്. ഇനിയും കൈയ്യും കെട്ടി നോക്കിയിരുന്ന് മിണ്ടാതിരിക്കാന്‍ ആവില്ല. ആഭ്യന്തര മന്ത്രി എന്ന നിലക്ക് സഖാവ് പിണറായിക്ക് തന്നെയാണ് ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത, ഈ പാര്‍ട്ടിയെ ജീവനായി സ്‌നേഹിക്കുന്ന എന്തിനും പോന്ന ലക്ഷക്കണക്കിന് അനുഭാവികള്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലും അപ്പുറമാണ്. പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും ഇതൊക്കെ മനസിലാക്കി ഉചിതമായ തീരുമാനം എടുത്ത് തിരുത്തി മുന്നോട്ട് പോകണം എന്നാണ് അപേക്ഷ’.

കിളികൊല്ലൂര്‍ സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ച്‌ വിടണമെന്നാണ് പി കെ സുരേഷ് കുമാര്‍ പങ്കുവച്ച പോസ്റ്റിലെ ആവശ്യം. ഇരകളായ സഹോദരങ്ങളില്‍ ഒരാള്‍ സൈനികന്‍ കൂടി ആയിട്ടും പോലീസ് കള്ളക്കേസില്‍ കുടുക്കി..എംഡിഎംഎ കേസില്‍ അറസ്റ്റിലായ സുഹൃത്തുക്കളുടെ വിവരം തിരക്കാന്‍ വന്ന സൈനികന്‍ അടക്കമുള്ള ഹോദരന്മാര്‍ പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചു വിട്ടു, പോലീസുകാരെ മര്‍ദ്ദിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് വ്യാജ വാര്‍ത്ത നല്‍കുകയും ചെയ്തു പോലീസ്..മാധ്യമങ്ങള്‍ക്ക് പോലീസ് നല്‍കിയ തെറ്റായ വാര്‍ത്ത പൊതു സമൂഹം വിശ്വസിക്കുകയും ചെയ്തു. പോലീസ് ചാര്‍ജ് ചെയ്ത കേസ് സൈനികനെ സേനയില്‍ നിന്ന് പിരിച്ച്‌ വിടാന്‍ പര്യാപ്തമാണ്. ഇളയ സഹോദരന്‍ പോലീസിലേക്കുള്ള റിട്ടണ്‍ ടെസ്റ്റ് എഴുതി ഫിസിക്കല്‍ ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നു. ഇവരുടെ ഭാവി തകര്‍ക്കുന്ന സമീപനമാണ് കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍ സ്വീകരിച്ചത്..സഹോദരങ്ങള്‍ അനുഭവിച്ച ദ്യരന്തം ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കുകയും തുടര്‍ന്ന് മറ്റ് മാധ്യമങ്ങള്‍ ആ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തതോടെ കേരള സമൂഹം ഈ സഹോദരന്‍മാര്‍ക്കായി രംഗത്ത് വന്നു.. അനീതി ചെയ്ത ഈ ഉദ്യോഗസ്ഥര്‍ എന്നെന്നേക്കുമായി സര്‍വീസില്‍ നിന്ന് പുറത്തു പോകട്ടെ’.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക