ന്യൂഡല്‍ഹി: മധ്യപ്രദേശിലെത്തുന്ന ശശി തരൂരിന്റെ പ്രചരണം പൊളിക്കാന്‍ ഹൈക്കമാണ്ടിലെ ഉന്നതന്‍ ശ്രമിച്ചു എന്ന് റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള ഹൈക്കമണ്ട് പ്രതിനിധിയാണ് മധ്യപ്രദേശിലെ ഓപ്പറേനും നടത്തിയത്. എന്നാല്‍ മധ്യപ്രദേശിലെ പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ കരുത്തിന് മുന്നില്‍ നേതാവ് പാളി.

അതിരൂക്ഷമായ ഭാഷയില്‍ ഹൈക്കമാണ്ടിലെ മലയാളിയെ കമല്‍നാഥ് ശാസിച്ചു. അതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും കമല്‍നാഥ് നിലപാട് ആരാഞ്ഞു. ശശി തരൂര്‍ എന്ന സ്ഥാനാര്‍ത്ഥിക്ക് താനോ തന്റെ മക്കളോ എതിരല്ലെന്നും ആരും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെന്നും കമല്‍നാഥിനോട് സോണിയ വിശദീകരിച്ചു. ഇതോടെയാണ് തരൂരിന് മധ്യപ്രദേശില്‍ രാജകീയ സ്വീകരണം ഒരുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിക്ക സംസ്ഥാനങ്ങളിലും ഇപ്പോള്‍ അതിശക്തരായ കോണ്‍ഗ്രസ് അധ്യക്ഷന്മാരില്ല. ഇവരെല്ലാം ഹൈക്കമാണ്ട് നേതാക്കളുടെ പിണിയാളുകളാണ്. കേരളത്തില്‍ സുധാകരനും മധ്യപ്രദേശില്‍ കമല്‍നാഥുമെല്ലാം ഇതില്‍ നിന്ന് ഭിന്നരാണ്. കേരളത്തില്‍ മനസാക്ഷി വോട്ടിനാണ് കെപിസിസി അധ്യക്ഷന്‍ ആ്ഹ്വാനം ചെയ്തത്.

എന്നാല്‍ മധ്യപ്രദേശില്‍ അതില്‍ അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയി. കമല്‍നാഥ് പുഞ്ചിരിയോടെ ശശി തരൂരിനെ സ്വീകരിച്ചു. എല്ലാ വോട്ടര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരവുമൊരുക്കി. തരൂര്‍ തന്റെ നയം പ്രഖ്യാപിച്ച്‌ മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കമാണ്ടിലെ മലയാളി നേതാവിനെ കമല്‍നാഥ് വിരട്ടിയ കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പാട്ടാകുന്നത്.

വളരെ മുന്‍കൂട്ടി പരിപാടി നിശ്ചയിച്ചായിരുന്നു തരൂര്‍ പ്രചരണം ആസൂത്രണം ചെയ്തത്. ഏത് സംസ്ഥാനത്ത് എന്ന് പോകുമെന്ന് അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അറിയാം. ആ തീയതിക്ക് രണ്ടു ദിവസം മുമ്ബ് ഡല്‍ഹിയില്‍ നിന്ന് കോള്‍ ആ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന് വരും. തരൂര്‍ വിമതനാണെന്നും ഖാര്‍ഗെയാണ് സോണിയയുടെ സ്ഥാനാര്‍ത്ഥിയെന്നും വിശദീകരിക്കും. ഒരു സഹായവും ചെയ്യരുതെന്നും ആവശ്യപ്പെട്ടും. പ്രധാന നേതാക്കളൊന്നും തരൂരിനെ കാണുന്നില്ലെന്ന് ഉറപ്പിക്കണമെന്നും ആവശ്യപ്പെടും. കേരളത്തില്‍ സുധാകരനോട് നേരിട്ട് പറഞ്ഞില്ലെങ്കിലും മറ്റു ചിലര്‍ വഴി തീരുമാനം നടപ്പാക്കി. തമിഴ്‌നാട്ടിലും ഈ ഓപ്പറേഷന്‍ നടന്നു. ഇതാണ് മധ്യപ്രദേശിൽ പൊളിഞ്ഞത്.

തരൂര്‍ എത്തുന്നതിന് തലേ ദിവസം സോണിയയുടെ വിശ്വസ്തനെന്ന് പറയുന്ന മലയാളി നേതാവ് കമല്‍നാഥിനേയും വിളിച്ചു. തരൂരിന് സഹായം ചെയ്യരുതെന്നും ഖാര്‍ഗെയാണ് നേതാവെന്നും പറഞ്ഞു. ഇതു കേട്ടപാടെ കമല്‍നാഥ് നേതാവിനെ നിര്‍ത്തി പൊരിച്ചു. താന്‍ സഞ്ജയ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ഇന്ദിരാ ഗാന്ധിയുമായി ഏറെ മാനസിക അടുപ്പമുണ്ടായിരുന്നു. രാജീവ് ഗാന്ധിയുമായും സൗഹൃദം ദൃഢമായിരുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എല്ലാവരും എന്റേയും നേതാക്കളാണ്. അവരോട് ഞാന്‍ ഇക്കാര്യം നേരിട്ട് ചോദിച്ചോളാം-എന്നായിരുന്നു കമല്‍നാഥ് ആ നേതാവിനെ അറിയിച്ചത്.

താങ്കള്‍ പാര്‍ട്ടിയില്‍ വരുന്നതിന് മുമ്ബ് നേതൃത്വത്തില്‍ സജീവമായ എന്നെ ഇക്കാര്യത്തില്‍ താങ്കള്‍ ഉപദേശിക്കേണ്ടെന്നും താക്കീത് ചെയ്തു. അതിന് ശേഷം ഹൈക്കമാണ്ടിലെ മലയാളി തന്നെ വിളിച്ച കാര്യം സോണിയാ ഗാന്ധിയേയും കമല്‍നാഥ് അറിയിച്ചു. ഖാര്‍ഗെയ്ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ പരിവേഷമുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്നായിരുന്നു സോണിയയുടെ മറുപടി. അങ്ങനെ എങ്കില്‍ പിസിസി അധ്യക്ഷന്മാരെ കേരളത്തിലെ നേതാവ് തെറ്റിധരിപ്പിക്കുന്നുവെന്ന പരാതിയും കമല്‍നാഥ് സോണിയയ്ക്ക് മുമ്ബില്‍ വച്ചു. തരൂരിനേയും ഖാര്‍ഗെയേയും ഒരു പോലെ കാണണമെന്നും കമല്‍നാഥിന് സോണിയയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂര്‍ എത്തിയപ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം എത്തിയത്.

എല്ലാവരോടും തരൂര്‍ സംസാരിച്ചു. മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും തരൂരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ നേതാവ് തന്നെ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമല്‍നാഥ് ഇത്തരത്തില്‍ കടുത്ത നിലപാട് എടുത്തത്. ഖാര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ട നേതാവാണ് കമല്‍നാഥ്. എന്നാല്‍ അര്‍ഹതയും അവകാശവുമില്ലാത്തെ പിന്‍വാതിലില്‍ കൂടി ഹൈക്കമാണ്ടിലെത്തിയ നേതാവ് തന്നെ ഉപദേശിക്കാനും താക്കീതിന്റെ ഭാഷയില്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ചത് കമല്‍നാഥിന് പിടിച്ചിട്ടില്ലെന്നതാണ് വസ്തുത. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥ് ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയേയും അറിയിച്ചിട്ടുണ്ട്. രാഹുലും തരൂരിന് അനുകൂലമാണ്.

മദ്ധ്യപ്രദേശ് പി.സി.സി ഒരുക്കിയ സ്വീകരണം തന്റെ പ്രചാരണത്തിലെ ആദ്യ അനുഭവമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി ഡോ. ശശി തരൂര്‍ പറയുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കായി പാര്‍ട്ടി സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും തന്നെ പിന്തുണക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വരുന്നില്ലെന്നും പാരാതിയുള്ള തരൂരിനെ ഭോപ്പാലില്‍ സ്വീകരിക്കാന്‍ പി.സി.സി അദ്ധ്യക്ഷന്‍ കമല്‍നാഥ്, പ്രതിപക്ഷ നേതാവ് ഗോബിന്ദ് സിങ് എന്നിവരെത്തിയത്. പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായാണ് മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തു നിന്ന് തരൂരിന് അനുകൂലമായ പ്രതികരണമുണ്ടായത്. പി.സി.സിയിലെ പ്രചാരണ യോഗത്തിന് ഏറെ ആളുകളെത്തിയതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെക്കുറിച്ചുള്ള തരൂരിന്റെ കാഴ്ചപ്പാടിനെക്കുറിച്ച്‌ ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയും സംഘടിപ്പിച്ചു. തുടര്‍ന്നുള്ള പത്രസമ്മേളനത്തിലും ഹാള്‍ നിറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരുടെ അനുകൂല പ്രതികരണത്തില്‍ നന്ദിയുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടുന്ന വോട്ടുകള്‍ കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെടുന്നവരുടെ ശബ്ദമായിരിക്കുമെന്ന് ശശി തരൂര്‍ പറയുന്നു. ഈ വസ്തുത പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ തൃപ്തിയുള്ളവരാകും താന്‍ പ്രചരണത്തിനെത്തുമ്ബോള്‍ മുഖം തരാത്തതെന്നും തരൂര്‍ പ്രതികരിച്ചു. അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പൂര്‍ണമായി പരിഹരിക്കാത്തതില്‍ തരൂര്‍ അതൃപ്തിയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇതേക്കുറിച്ച്‌ തെരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷനായ മധുസൂദന്‍ മിസ്ത്രിയുമായി തരൂര്‍ വീണ്ടും സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക