ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ മകൻ എന്നാണ് ഇപ്പോൾ കോൺഗ്രസ് മുതിർന്ന നേതാവായ കമൽനാഥിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം മാതൃ പാർട്ടിയായ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയാണ് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പത്വാരി ഇന്ദിരയുടെ മൂന്നാമത്തെ മകൻ പരാമർശവുമായി രംഗത്തെത്തിയത്. 1979ൽ കമൽനാഥിനുവേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ തന്റെ മൂന്നാമത്തെ മകൻ എന്ന് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പാർട്ടിയുടെ രാജ്യത്തെ പ്രമുഖ നേതാക്കൾ എല്ലാവരും പങ്കെടുക്കുന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ൺ നടക്കുന്ന വേളയിൽ കമൽനാഥും ഡൽഹിയിൽ ഉണ്ട്. കമൽനാഥിന്റെ ബിജെപി ബാന്ധവം ഉറപ്പിക്കാൻ ഇനി ഔദ്യോഗിക പ്രഖ്യാപനം എന്ന ഔപചാരികത മാത്രമേ ബാക്കിയുള്ളൂ എന്നും ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ഇന്ദിരയുടെ മൂന്നാമത്തെ മകന് കോൺഗ്രസ് ഉപേക്ഷിക്കാൻ കഴിയുമോ എന്ന് പാർട്ടി ചോദിക്കുമ്പോൾ മറ്റൊരു വൈകാരികമായ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ദിരയുടെ രണ്ടാമത്തെ മകനെയും, മൂന്നാമത്തെ കൊച്ചു മകനെയും പാർട്ടി മറന്നത് എന്തുകൊണ്ടെന്നാണ് ഈ ചോദ്യം. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായിരുന്ന ഇളയ മകൻ സഞ്ജയ് ഗാന്ധി വിമാന അപകടത്തിൽ മരണമടഞ്ഞതിനുശേഷം ആണ് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം തന്നെ ഉണ്ടാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജീവിന്റെ ഭാര്യ സോണിയയുടെ കാലം വന്നതോടെ കോൺഗ്രസ് സഞ്ജയ് ഗാന്ധിയെ പൂർണ്ണമായും തങ്ങളുടെ പ്രചാരണ ചിത്രങ്ങളിൽ നിന്നു പോലും ഒഴിവാക്കി. രാജീവിന്റെ കാലത്ത് തന്നെ അടിയന്തരാവസ്ഥയുടെ പാപഭാരങ്ങൾ അകാലത്തിൽ മരണമടഞ്ഞ സഹോദരൻ സഞ്ജയുടെ തലയിൽ വെച്ചു കെട്ടി ഇന്ദിരാഗാന്ധിയെ നിരപരാധിയായി ചിത്രീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സഞ്ജയ് ഗാന്ധിയുടെ മകൻ വരുൺ ഗാന്ധി എന്ന ഇന്ദിരയുടെ മൂന്നാമത്തെ കൊച്ചുമകൻ ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയാണ്. സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ആണ്.

മോദി – അമിത് ഷാ നേതൃത്വം നൽകുന്ന ബിജെപിയിൽ വരുൺ ഗാന്ധി അസ്വസ്ഥനാണ് എന്ന രാഷ്ട്രീയ യാഥാർത്ഥ്യവും കോൺഗ്രസിനു മുന്നിലുണ്ട്. ഉത്തർപ്രദേശിൽ പ്രത്യേകിച്ച് പിലിഭിത്ത് മേഖലയിൽ ശക്തമായ ജനപിന്തുണ ഉള്ള നേതാവാണ് വരുൺ. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ മൂന്നാം തവണ എംപിയായ അദ്ദേഹത്തിന് മന്ത്രി പദം ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ വരുൺ ഗാന്ധിയെ ബിജെപി നേതൃത്വം പൂർണ്ണമായും കൈയ്യൊഴിയുന്ന കാഴ്ചയും നേതൃത്വത്തിനെതിരെ വരുൺ പരസ്യപ്രസ്താവനകളുമായി രംഗത്തുവരുന്ന കാഴ്ചയും കൺനിറയെ കണ്ടിട്ടും അദ്ദേഹത്തെ കോൺഗ്രസിലേക്ക് വിളിക്കുവാൻ ഇന്നത്തെ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.

രാജ്യത്തുതന്നെ ഏറ്റവും അധികം ലോക്സഭാ മണ്ഡലങ്ങൾ ഉള്ള ഉത്തർപ്രദേശിൽ സംപൂജ്യരാകും എന്ന അവസ്ഥയിൽ പോലും ഉത്തർപ്രദേശിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്തുവാൻ വരുൺ ഗാന്ധിയെ എത്തിക്കുവാൻ കോൺഗ്രസ് നേതൃത്വം തയ്യാറല്ല എന്നത് നിരാശാജനകമാണ്. സഞ്ജയ് ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന് അകാലമരണം സംഭവിച്ചില്ലായിരുന്നുവെങ്കിൽ രാജീവ് ഗാന്ധിയോ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇന്ന് കോൺഗ്രസിൽ ഒന്നും ആവില്ലായിരുന്നു. ഒരുപക്ഷേ വരുൺ ഗാന്ധി കോൺഗ്രസിന്റെ എല്ലാമെല്ലാം ആകുമായിരുന്നു.

കുടുംബവാഴ്ചയുടെ പേരിൽ ചാർത്തി കിട്ടിയ സ്ഥാനമാനങ്ങൾ കൈ വിടാനുള്ള ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ മടിയും, ഉപചാപക വൃന്ദങ്ങളുടെ പുകഴ്ത്തി പാടലുകൾക്കിടയിൽ കാൽച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് തിരിച്ചറിയാത്ത കഴിവുകേടും പാർട്ടിയെ സർവ്വനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിടുമ്പോൾ രാജ്യത്ത് തന്നെ കോൺഗ്രസിന് ഒരു തിരിച്ചുവരവിനുള്ള സാധ്യതകൾ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ദിരയുടെ രണ്ടാമത്തെ മകനെയും മൂന്നാമത്തെ കൊച്ചു മകനെയും കോൺഗ്രസിന് മറക്കാമെങ്കിൽ ഇന്ത്യയുടെ മൂന്നാമത്തെ മകന് കോൺഗ്രസിനെയും മറക്കാം അതൊരു രാഷ്ട്രീയ അത്ഭുതമൊന്നുമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക