പാലാ: ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ മുനിസിപ്പാലിറ്റി 22-ാം വാര്‍ഡില്‍ അരുണാപുരത്ത് കടപ്പാട്ടൂര്‍ ജംഗ്ഷനില്‍ നിന്നും കോട്ടയം റൂട്ടില്‍ പുതുതായി ആരംഭിച്ച സാഗര ഫിഷറീസിന്‍റെ മതിലിനോടു ചേര്‍ന്ന് പുരാതനമായ കുളികടവ് വെയിസ്റ്റ് ഇട്ട് നശിപ്പിക്കുകയും, കടവിലേക്കുള്ള 4 അടിയേളം വരുന്ന വഴി മണ്ണിട്ട് നികത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവവത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അരുണാപുരം ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. കുളികടവ് വെയിസ്റ്റിട്ട് നശിപ്പിച്ചത് സാഗരാ ഫിഷറീസ് എന്ന അനധികൃത കെട്ടിടം പണിത സമയത്താണെന്നും, മീന്‍ കടയുടെ ബോര്‍ഡ് പുറമ്പോക്കു ഭുമിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും യോഗം ആരോപിച്ചു. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന ജലം ഒഴുകിപ്പോകുന്നത് ഈ വഴിയിലൂടെയാണ്.

ഈ ഭാഗത്തുണ്ടായിരുന്ന ഓടയുടെ തുറന്നുകിടന്ന ഭാഗത്ത് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചുകെട്ടി വെള്ളം ഒഴുകിപ്പോകുന്നതിനായി അവിടെ ഒരു ചെറിയ പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ് കടയുടമ. സാഗരാ ഫിഷറീസിലെ വെയിസ്റ്റ് വെള്ളം പൂര്‍ണ്ണമായും മീനച്ചിലാറ്റിലേക്കാണ് ഒഴുക്കിവിടുന്നതെന്നും, മതിയായ സെപ്റ്റി ടാങ്കുകളോ, പാര്‍ക്കിംഗ് സൗകര്യങ്ങളോ ഇല്ലാത്തതെയാണ് ഈ ഇരുനില കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കുളികടവ് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും, അനധികൃത നിര്‍മ്മാണങ്ങള്‍ എത്രയും വേഗെ നീക്കു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്‍റ് അര്‍ജുന്‍ സാബുവിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡി.സി.സി മെമ്പര്‍ അഡ്വ. ആര്‍. മനോജ് ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമലംഘനത്തിന് പിന്തുണ നൽകുന്നത് നഗരസഭ അധികാരികൾ ?
നഗരസഭാ ഭരണകക്ഷിയിലെ രണ്ട് പ്രമുഖ കൗൺസിലർമാരുടെ പിന്തുണയിലാണ് നഗ്നമായ ഈ നിയമലംഘനം നടക്കുന്നതെന്ന് ആരോപണവും ഉയരുന്നുണ്ട്. ഇവരിലൊരാൾ വാർഡ് കൗൺസിലർ ആണ്. ഇദ്ദേഹം നടത്തുന്ന സൗഹൃദ കൂട്ടായ്മയ്ക്ക് സദസ്സ് ഒരുക്കി കൊടുത്താണ് മത്സ്യം കച്ചവടം നടത്തുന്നയാൾ ഇദ്ദേഹത്തെ കൂടെ നിർത്തിയത് എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. നികത്തിയെടുത്ത സ്ഥലം മറ്റൊരു പ്രമുഖ കൗൺസിലറുടെ ബന്ധുവിന്റെതാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ നഗരസഭ ഉദ്യോഗസ്ഥരും നഗ്നമായ ഈ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുകയാണ്.

പി ഡബ്ല്യു ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് എത്തി പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടും കയ്യേറ്റക്കാർ തയ്യാറായില്ല. ഭരണകക്ഷിയിൽ ഉള്ള സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. ഒരു മഴ പെയ്താൽ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശത്ത് അത് അധികരിപ്പിക്കുന്ന തരത്തിൽ ഇത്തരമൊരു അനധികൃത നിർമ്മാണവും, ഭൂമി കയ്യേറ്റവും, നികത്തലും പകൽ വെളിച്ചത്തിൽ നിർഭയം നടത്തുന്നതിനു പിന്നിലെ അഴിമതി തുറന്നുകാട്ടും എന്നും അനധികൃത നിർമ്മാണങ്ങൾ നീക്കി പൂർവ്വസ്ഥിതി സ്ഥാപിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ടാവും എന്നും കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക