നിയമസഭാ തിരഞ്ഞടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടിയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ കൂറുമാറ്റത്തിലൂടെ തകര്‍ത്തും ഭരണം പിടിക്കുന്ന ബി.ജെ.പിയുടെ രാഷ്‌ട്രീയക്കളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവ. മദ്ധ്യപ്രദേശ്, കര്‍ണാടക, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ ബി. ജെ.പി ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് – ശിവസേന സഖ്യം ഭരിച്ച മഹാരാഷ്‌ട്രയിലാകട്ടെ ശിവസേനയെ പിളര്‍ത്തിയാണ് ബി. ജെ. പി അധികാരം പിടിച്ചത്.

മഹാരാഷ്ട്ര

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും ശിവസേന എൻസിപി കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് മഹാസഖ്യം രൂപീകരിച്ചാണ് ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തിയത്. എന്നാൽ ഏതാനും മാസങ്ങൾക്കുമുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബാൽതാക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെയെ നിഷ്പ്രഭനാക്കി അദ്ദേഹത്തിന്റെ പാർട്ടി പിളർത്തി ബിജെപി അധികാരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം ശിവസേന എംഎൽഎമാരും എംപിമാരും ബിജെപി സഖ്യത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിപദം വേണ്ട എന്ന് വെച്ച് വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് ആ പദവി വിട്ടുകൊടുത്തുകൊണ്ട് ബിജെപി വീണ്ടും ഞെട്ടിച്ചു.

മദ്ധ്യപ്രദേശ്

മുഖ്യമന്ത്രി കമല്‍നാഥിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി. ജെ. പി കൂട്ടുപിടിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ ആണ്. കമല്‍നാഥുമായി രസക്കേടിലായ സിന്ധ്യയും അദ്ദേഹത്തോട് കൂറുള്ള 22 കോണ്‍ഗ്രസ് എം. എല്‍. എമാരും രാജിവച്ച്‌ ബി.ജെ. പിയില്‍ ചേര്‍ന്നു. ഭൂരിപക്ഷം നഷ്‌ടപ്പെട്ട കമല്‍ നാഥ് രാജിവച്ചു. ബി. ജെ. പി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപീകരിച്ചു. സിന്ധ്യയെ മോദി സര്‍ക്കാരില്‍ മന്ത്രിയാക്കി.

കര്‍ണാടക

2018ലെ തിരഞ്ഞെടുപ്പില്‍ 224 അംഗ സഭയില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ105 അംഗങ്ങളുമായി ബി. ജെ. പി ഏറ്റവും വലിയ കക്ഷിയായി.കോണ്‍ഗ്രസിന് 78 സീറ്റും ജനതാദള്‍ സെക്കുലറിന് 34 സീറ്റും. ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി. ജെ. പി നേതാവ് ബി. എസ് യെദിയൂരപ്പ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. യെദിയൂരപ്പ മുഖ്യമന്ത്രിയായി. മൂന്ന് ദിവസത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചു. അവസരം മുതലാക്കി കോണ്‍ഗ്രസ് ജനതാദളുമായിസഖ്യമുണ്ടാക്കി. ജനതാദളിന്റെ എച് ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍.

സര്‍ക്കാരിന് പതിന്നാല് മാസം മാത്രം ആയുസ്. കുമാരസ്വാമിയുമായി തെറ്റി കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും 14 എം. എല്‍. എമാര്‍ രാജിവച്ച്‌ ബി. ജെ. പിയിലേക്ക്. വിമതരെ സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. അതോടെ 105 എം. എല്‍.എമാരുമായി യെദിയൂരപ്പ ബി. ജെ. പിസര്‍ക്കാരുണ്ടാക്കി. ഒരു ഉപ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥി ജയിച്ചതോടെ 106 പേരായി. അയോഗ്യരാക്കപ്പെട്ടവരില്‍ 12 പേര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ബി. ജെ. പി അംഗബലം 118 ആയി.

മേഘാലയ

2018ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ ബി.ജെ. പിക്ക് വെറും രണ്ട് സീറ്റാണ് കിട്ടിയത്. എന്നിട്ടും പാര്‍ട്ടി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 21സീറ്റ്. ബി. ജെ. പിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 19സീറ്റും. ബി. ജെ. പിയുടെ ദൂതന്മാര്‍ രംഗത്തിറങ്ങി. എന്‍. പി. പിയുടെ നേതൃത്വത്തില്‍ പ്രാദേശിക കക്ഷികളെ ഒരുമിപ്പിച്ച്‌ 34 എം. എല്‍. എമാരുടെ പിന്തുണ നേടി. ലോക്സഭാ എം. പി. കോണ്‍റാഡ് സംഗ്‌മയുടെ നേതൃത്വത്തില്‍ ബി. ജെ. പി സര്‍ക്കാര്‍ രൂപീകരിച്ചു.

മണിപ്പൂര്‍

2017ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ കോണ്‍ഗ്രസ് 28 സീറ്റ് നേടിയപ്പോള്‍ ബി. ജെ. പിക്ക് 21സീറ്റേ കിട്ടിയുള്ളൂ. കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി വന്ന എന്‍. ബിരേന്‍ സിംഗിനെ നിയുക്ത മുഖ്യമന്ത്രിയായി ബി. ജ. പി പ്രഖ്യാപിച്ചു. എന്‍. പിപിയുടെ നാലും പ്രാദേശിക കക്ഷികളുടെ അഞ്ചും കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയ ഒരാളും ഉള്‍പ്പെടെ 31 പേരുടെ കേവല ഭൂരിപക്ഷവുമായി ബി. ജെ. പി മണിപ്പൂരിലെ തങ്ങളുടെ ആദ്യ സര്‍ക്കാരുണ്ടാക്കി.

അരുണാചല്‍ പ്രദേശ്

2014ലെ തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ 44 സീറ്റ്നേടിയ കോണ്‍ഗ്രസിന്റെ സര്‍ക്കാരിനെയാണ് രണ്ട് വര്‍ഷം കൊണ്ട് ബി. ജെ. പി അട്ടിമറിച്ചത്. കോണ്‍ഗ്രസ് എം. എല്‍. എ പേമ ഖണ്ഡു വിമത എം. എല്‍.എമാര്‍ക്കൊപ്പം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് ( പി. പി. എ )​ എന്ന് പുതിയ കക്ഷിയുണ്ടാക്കി ബി. ജെ. പി നയിക്കുന്ന വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി. 2016ജൂലായില്‍ വിമതരുമായി കോണ്‍ഗ്രസില്‍ തിരിച്ചു വന്ന ഖണ്ഡു നബാം തുക്കിക്ക് പകരം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി.അക്കൊല്ലം സെപ്റ്റംബറില്‍ ഖണ്ഡു വീണ്ടും പി. പി. എയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ 44 എം. എല്‍.എമാരില്‍ 43 പേരെയും കൂടെ കൊണ്ടു പോയി. ഒരു മാസത്തിനകം അവരില്‍ 33 എം. എല്‍. എമാരുമായി ഖണ്ഡു ഓപചാരികമായി ബി. ജെ. പിയില്‍ ചേര്‍ന്നു. അവരുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. 2019ലെ തിരഞ്ഞെടുപ്പില്‍ 41സീറ്റില്‍ ജയിച്ച ബി.ജെ. പി ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസിന് വെറും നാല് സീറ്റാണ് കിട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക