ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാലു ഭാഷയില്‍ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിമാനത്തില്‍ വച്ചാണ് ഇവര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്. മലയാളി വിദ്യാര്‍ത്ഥികളോട് എങ്ങനെയുണ്ട് എന്നായിരുന്നു അവരുടെ ചോദ്യം. അടിപൊളിയെന്ന് കുട്ടികള്‍ ഉത്തരം നല്‍കുകയും ചെയ്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
പിന്നീട് ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും അവര്‍ അവരുടെ ഭാഷയില്‍ സ്വാഗതം ചെയ്തു. ഓപറേഷന് ഗംഗ എന്നു പേരിട്ട പ്രത്യേക ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇതുവരെ യുക്രൈനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിക്കുന്നത്.
ഇതുവരെ എത്തിയത് 11 വിമാനങ്ങള്‍
ബുധനാഴ്ച രാവിലെ വരെ ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള പതിനൊന്നു വിമാനമാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു.
ഓപ്പറേഷന് ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ ആണ് ശ്രമം തുടരുന്നത്. അതെ സമയം രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങളും ഇന്ന് മുതല്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്ബനികളും രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ എത്തിത്തുടങ്ങും. ഇന്ത്യന്‍ വ്യോമസേനകൂടി ഓപ്പറേഷന് ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് ലഭിക്കും.