കാക്കനാട് വാഴക്കാലായിൽ എക്സൈസ് നടത്തിയ രഹസ്യ ഓപ്പറേഷനിൽ മാരകമായ മയക്കുമരുന്നുമായി ട്രാൻസ്ജന്ഡ്ഡർ പിടിയിൽ. ചേർത്തല കുത്തിത്തോടിൽ കണ്ടത്തിയിൽ ദിക്ഷ (ശ്രീരാജ്) എന്ന മോഡലിംഗ് ആർട്ടിസ്റ്റ് (24) ആണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. റേവ് പാർട്ടികളിൽ ഉപയോഗിക്കുന്ന ‘പാർട്ടി ഡ്രഗ്’ എന്ന വിളിപ്പേരുള്ള അത്യന്തം മാരകമായ മരുന്നായ മെത്തനെഡിയോക്‌സി മെതാംഫെറ്റാമൈൻ ഇയാളിൽ നിന്ന് കണ്ടെടുത്തു.

8.5 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകളാണ് ഇടനിലക്കാർ വഴി ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. സ്ഥിരമായി ഒരിടത്ത് തങ്ങുന്നതിന് പകരം ഓരോ ദിവസവും വിവിധ ഹോട്ടലുകളിലാണ് മയക്കുമരുന്ന് ഇടപാട് നടക്കുന്നത്. വിവിധ ആളുകളുടെ പേരിൽ മുറിയെടുത്ത് ഒരു ദിവസം മാത്രം താമസിച്ച് അടുത്ത സ്ഥലത്തേക്ക് മാറുന്നതിനാൽ ഇവരുടെ ഇടപാടുകൾ കണ്ടെത്താൻ പ്രയാസമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാൻസ്‌ജെൻഡറുകൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോ ടീം അന്വേഷണം ഊർജിതമാക്കിയിരുന്നു. വാഴക്കാലയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ട്രാൻസ്ജന്ഡ്ഡർ മയക്കുമരുന്നുമായി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘം ഇവിടെയെത്തി മയക്കുമരുന്നുമായി കുടുക്കുകയായിരുന്നു. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സുഹൃത്തുക്കൾ മുഖേന എത്തിക്കുന്ന ലഹരിമരുന്നാണ് ഇയാൾ വിതരണം ചെയ്യുന്നതെന്നാണ് എക്സൈസ് നിഗമനം.

ഗ്രാമിന് 2,000 രൂപയ്ക്ക് വാങ്ങുകയും ഗ്രാമിന് 4,000 മുതൽ 7,000 രൂപ വരെ വിൽക്കുകയും ചെയ്തു. ഏകദേശം 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ തുടരാൻ കഴിവുള്ള ഈ രാസ ലഹരി വളരെ മാരകമാണ്. കണ്ടെത്താനാകാത്തതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായതിനാൽ ആളുകൾ ഇത്തരത്തിലുള്ള മരുന്നിലേക്ക് ആകർഷിക്കപ്പെടുന്നു.

ഇത്തരത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നിന്റെ അര ഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇയാളുടെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി., സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിതാ ഓഫീസർമാരായ കെ.എസ്.സൗമ്യ, സി.ജി. പ്രമിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക