തിരുവനന്തപുരം: ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎല്‍എമാരെയാണ് നേതൃത്വം സംശയിക്കുന്നത്. ഇതിനിടെ താന്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിന് സംസ്ഥാനത്തെ ഒരു എം എല്‍ എ വോട്ട് നല്‍കിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ട് മൂല്യം 152 ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുര്‍മുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 140 പേരുടെയും വോട്ട് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെനിന്ന് യശ്വന്ത് സിന്‍ഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാല്‍ ഇതില്‍ ഒരു എംഎല്‍എയുടെ വോട്ട് മൂല്യം കുറച്ചാണ് സിന്‍ഹയ്ക്ക് ലഭിച്ചത്. ഭരണ മുന്നണിയില്‍ നിന്ന് അകലം പാലിക്കുന്ന ഘടക കക്ഷി എംഎല്‍എയും സംശയനിഴലിലാണ്. ഏതായാലും വരും ദിവസങ്ങളില്‍ ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ക്കാകും കേരളം സാക്ഷ്യം വഹിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക