തിരുവനന്തപുരം: ആര്‍.എം.പി എം.എല്‍.എ. കെ.കെ രമയ്ക്ക് വധഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യേണ്ടി വരും.ഭരണം പോയാലും അത് ചെയ്യും. രമയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസുകാരും സൂക്ഷിക്കണമെന്നും ഭീഷണി കത്തില്‍ പറയുന്നു. ‘പയ്യന്നൂര്‍ സഖാക്കള്‍’ എന്നപേരിലാണ് കത്ത്. തിരുവനന്തപുരത്തെ എം.എല്‍.എ ഓഫീസിലാണ് കത്ത് ലഭിച്ചത്.

ഈ മാസം 15ന് കണ്ണൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് കത്ത് ലഭിക്കുന്നത്. ഭീഷണി സംബന്ധിച്ച്‌ കെ.കെ രമ ഡി.ജി.പിക്ക് പരാതി നല്‍കി. നിയമസഭാ സമ്മേളനം ഇന്നലെ അവസാനിച്ചിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച രമയെ നേരിടാന്‍ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. രമയ്‌ക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശത്തിന് മാധ്യമങ്ങള്‍ക്ക് മണി നല്‍കിയ വിശദീകരണം അവര്‍ ഒരു വര്‍ഷവും നാല് മാസവുമായി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും യുഡിഎഫ് അതിന് അവസരം ഒരുക്കി നല്‍കുന്നുവെന്നതുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ ഒരു കഴമ്ബുമില്ലെന്നും രമ പ്രതികരിച്ചു. ‘പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം. അതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍.’ കെ കെ രമ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക