തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്റെ രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേരാനാണ് സാധ്യത. സജി ചെറിയാന്റെ പ്രസംഗത്തെ ഇതുവരെ തള്ളിപ്പറയാത്ത സിപിഎം, യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കിയേക്കും.

സജി ചെറിയാന്‍റെ ഭരണഘടനാനിന്ദ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് നേതൃത്വം രാജി ആവശ്യപ്പെട്ടത്. മന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ വന്ന ഒഴിവ് നികത്തണമോ എന്ന കാര്യത്തില്‍ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടായേക്കും. നിലവില്‍ പുതിയ മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക,സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ മന്ത്രി വേണ്ട എന്ന തീരുമാനം എടുത്താല്‍ മറ്റ് സിപിഎം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച്‌ നല്‍കിയേക്കും. കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച്‌ വരാനുള്ള സാധ്യത കൂടി സിപിഎം തുറന്നിടുന്നുണ്ട്. എന്നാല്‍ നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച്‌ ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച്‌ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

അതേസമയം സജി ചെറിയാന്‍റെ പ്രസ്താവനയെ സിപിഎം നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടി നിലപാട് ഇന്ന് വ്യക്തമാക്കിയേക്കും. നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ ധാരണ. പ്രതിപക്ഷം രാജി ആവശ്യം കടുപ്പിക്കാത്തതും അനുകൂലമായിട്ടാണ് സിപിഎം കാണുന്നത്. കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയാല്‍ രാജിയെ കുറിച്ച്‌ അപ്പോള്‍ ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക