സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരക്കിട്ട് കൊണ്ടുവരേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. എം.വി. ഗോവിന്ദന്‍റെ പ്രതികരണം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന വ്യാഖ്യാനമുണ്ടാക്കിയെന്നും ഇനി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും ബുധനാഴ്ച ചേര്‍ന്ന അവൈലബ്ള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുണ്ടായി.

ഗവര്‍ണര്‍ വിഷയത്തിലുള്‍പ്പെടെ ലീഗ് കൈക്കൊണ്ട നിലപാടുകളെയാണ് എം.വി. ഗോവിന്ദന്‍ പരാമര്‍ശിച്ചത്. അതിനെ ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചെന്ന നിലയില്‍ പ്രചാരണമുണ്ടായി. യു.ഡി.എഫിലെ പോലെ എല്‍.ഡി.എഫ് ഘടക കക്ഷികള്‍ക്കിടയിലും അത് ആശയക്കുഴപ്പമുണ്ടാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണത്തിന്‍റെ അടിസ്ഥാനം അതായിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ മതേതര ബഹുജന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാകണമെന്നത് പാര്‍ട്ടി തീരുമാനമാണ്. അതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രതികരണമാണ് സംസ്ഥാന സെക്രട്ടറിയില്‍ നിന്നുണ്ടായത്. ലീഗിന്‍റെ പുരോഗമന ചിന്തയെയാണ് സ്വാഗതം ചെയ്തത്. മുന്നണിയിലേക്ക് ക്ഷണിച്ചതല്ലെന്ന നിലപാട് വ്യക്തമാക്കാനും തീരുമാനിച്ചു.

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ തന്നെയാണ് സി.പി.എം. എന്നാല്‍, ഇക്കാര്യത്തില്‍ തിരക്കിട്ട് നടപടി വേണ്ട. സജിയെ കുറ്റമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. അതിനാല്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തില്ല.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. ഗവര്‍ണറോട് ഒരു വിട്ടുവീഴ്ചയും വേണ്ട. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത് സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയുടെ ഫലമായാണ്. മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സി.പി.എം സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക