മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും കര്‍ണാടക സര്‍ക്കാറിലുണ്ടാവും. പ്രധാനപ്പെട്ട വകുപ്പുകളോടു കൂടിയായിരിക്കും ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തും.

ഡികെ ശിവകുമാറിനേയും സിദ്ധരാമയ്യേയും ഇന്ന് എ ഐ സി സി അധ്യക്ഷന്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധികം താമസിക്കില്ലെന്നും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഞായറാഴ്ച രാത്രി അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കും, ഖാര്‍ഗെ സാഹബിന്റെ വിധിക്ക് പകരം വയ്ക്കാന്‍ എനിക്ക് കഴിയില്ല. അദ്ദേഹം വളരെ സീനിയറായ നേതാവാണ്. അദ്ദേഹത്തിനെ അറിയൂ, അദ്ദേഹം കര്‍ണാടകയുടെ മണ്ണിന്റെ മകനാണ്, അതുകൊണ്ട് തന്നെ തീരുമാനം എടുക്കാന്‍ അധിക സമയം എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” – ബെംഗളൂരുവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം‌എല്‍‌എമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുര്‍ജേവാല പറഞ്ഞു.

ആദ്യത്തെ മന്ത്രി സഭായോഗത്തില്‍ തന്നെ പാര്‍ട്ടിയുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയുടെ പേര് തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) ഏകകണ്‌ഠേന കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. “കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാന്‍ എഐസിസി പ്രസിഡന്റിന് ഇതിനാല്‍ അധികാരമുണ്ടെന്ന് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി ഏകകണ്ഠമായി തീരുമാനിക്കുന്നു,” പ്രമേയത്തില്‍ പറയുന്നു.

ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ആദ്യ നിയമസഭാ കക്ഷി യോഗം പുലര്‍ച്ചെ 1.30 വരെ നീണ്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ നിരീക്ഷകരായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും പാര്‍ട്ടി നേതാക്കളായ ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരും പങ്കെടുത്തു. സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, കെസി വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയ പാര്‍ട്ടി നേതാക്കളും യോഗത്തിലുണ്ടായിരുന്നു.

“കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓരോ എം എല്‍ എമാരേയും വ്യക്തിപരമായി കാണുന്ന വലിയ ഭാരിച്ച പണി പൂര്‍ത്തിയായി. നിരീക്ഷകര്‍ എല്ലാ എം എല്‍ എമാരെയും വെവ്വേറെ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇനി അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും, അതിനുശേഷം ഞങ്ങള്‍ അടുത്ത നേതാവിനെ പ്രഖ്യാപിക്കും. ” രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ എം എല്‍ എമാരും സിദ്ധരാമയ്യക്ക് പിന്തുണ നല്‍കിയെന്നാണ് സൂചന.

2006ല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ജെഡി(എസ്)ല്‍ നിന്ന് പുറത്താക്കിയ ശേഷം കോണ്‍ഗ്രസിലേക്ക് എത്തിയ വ്യക്തിയാണ് സിദ്ധരാമയ്യ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോണ്‍ഗ്രസിലെ ജനകീയ നേതാവായി അദ്ദേഹം മാറി. 1983-ല്‍ നിയമസഭയില്‍ അരങ്ങേറ്റം കുറിച്ച സിദ്ധരാമയ്യ ലോക്ദള്‍ പാര്‍ട്ടി ടിക്കറ്റില്‍ ചാമുണ്ഡേശ്വരിയില്‍ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ചാമുണ്ഡേശ്വരിയില്‍ നിന്ന് അഞ്ച് തവണ വിജയിച്ച അദ്ദേഹം മൂന്ന് തവണ പരാജയം രുചിച്ചു. 2008ല്‍ കെപിസിസി തിരഞ്ഞെടുപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായിരുന്നു. 2013-18 കാലയളവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നിലവില്‍ പ്രതിപക്ഷ നേതാവാണ്. വരുണ മണ്ഡലത്തില്‍ ബി ജെ പിയുടെ മന്ത്രി കൂടിയായ വി സോമണ്ണയെ 46,006 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് സിദ്ധരാമയ്യ ഇത്തവണ വിജയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക