താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തന്നാല്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.
ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. അവര്‍ക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കില്‍ അവര്‍ പേരുവിവരങ്ങള്‍ തന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സര്‍ക്കാര്‍ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും-മന്ത്രി പറഞ്ഞു.

ഇവിടെ ഒന്നുമറിയില്ല എന്ന് പറയുന്ന സിനിമ മന്ത്രി സ്വന്തം വകുപ്പ് ഭരിക്കാൻ യോഗ്യനല്ല എന്ന് വിലയിരുത്തേണ്ടി വരും. ഏതാനും മാസങ്ങൾക്ക് മുമ്പ് താര സംഘടനയുടെ ഭാരവാഹി കൂടിയായ നടൻ ടിനി ടോം സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചിരുന്നു. മലയാള സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി താരങ്ങൾ ഉണ്ടെന്നും, ഇവരുടെയെല്ലാം വിവരങ്ങൾ പോലീസിന്റെ കൈവശമുണ്ടെന്നും, ഈ ലിസ്റ്റ് പോലീസ് മോഹൻലാലിന്റെ വലംകൈയായ ആൻറണി പെരുമ്പാവൂരിന് കൈമാറിയിട്ടുണ്ടെന്നുമാണ് ടിനി പറഞ്ഞു. പോലീസ് സിനിമാ സെറ്റുകളിൽ പരിശോധന നടത്താത്തത് സിനിമാക്കാരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പോലീസിന്റെ ലഹരി മുക്ത ക്യാമ്പയിൻ യോദ്ധാവിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ടിനി. ടിനിയുടെ വെളിപ്പെടുത്തൽ വീഡിയോ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരിക്കടിമകളായ യുവതാരങ്ങളെ സിനിമകളിൽ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് നടത്തിയത് ഇതിലും ഗുരുതരമായ വെളിപ്പെടുത്തലാണ്. സിനിമ തെറ്റുകളിൽ ഉൾപ്പെടെ താരങ്ങൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്നാണ് രഞ്ജിത്ത് പറഞ്ഞത്. പൊലീസും സർക്കാർ സംവിധാനങ്ങളും ഇത്തരത്തിലുള്ള ലഹരിക്കപ്പെട്ട താരങ്ങളെ പിടികൂടാൻ അവരുടെ നഖവും മുടിയും പരിശോധിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു.

വിലക്കു നേരിടുന്ന താരങ്ങളായ ഷെയിർ നിഗം, ശ്രീനാഥ് ഭാസി, ഇതേ കൂടാതെ ആസിഫ് അലി എന്നിവർക്കെല്ലാം എതിരെ രൂക്ഷ പ്രതികരണമാണ് സിനിമാ നിർമ്മാതാക്കളും സംവിധായകരും ഉൾപ്പെടെയുള്ളവർ നടത്തുന്നത്. ഗൗരവകരമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും തനിക്കൊരു വിവരവുമില്ല എന്ന സിനിമാ മന്ത്രി കൂടിയായ സജി ചെറിയാൻ പറയുന്നത് സിനിമാക്കാരെ രക്ഷിക്കാൻ ആണ് എന്ന് വ്യക്തം. കേരളം സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറുമ്പോൾ ഇത്രയേറെ ആധികാരികമായി സിനിമ മേഖലയിൽ തന്നെ ക്രെഡിബിലിറ്റി ഉള്ളവർ മേഖലയിലെ സിന്തറ്റിക് ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും തുറന്നു പറയുമ്പോഴും മന്ത്രി അജ്ഞത അഭിനയിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ക്യാമറ വെച്ച് ജനങ്ങളെ പിഴിയാനും, കരണ്ടിനും, കുടിവെള്ളത്തിനും, പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരെ കഷ്ടത്തിലേക്ക് തള്ളിവിടാൻ മാത്രം ഹാർജവമുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നാണോ നാം വിലയിരുത്തേണ്ടത്. സിനിമാക്കാർക്കും ഉന്നതർക്കും ലഹരി ഉപയോഗിക്കാനും, സ്വന്തം പാർട്ടിക്കാർക്ക് ലഹരി കടത്താനും അനുവാദം നൽകിയിട്ടുള്ള സർക്കാരാണോ കേരളത്തിൽ ചരിത്രം സൃഷ്ടിച്ച തുടർ ഭരണത്തിലൂടെ അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ? ഭരണഘടനയോട് പോലും ബഹുമാനമില്ലാത്ത മന്ത്രിക്ക് ഇപ്പോൾ ലഹരി ഉപയോഗം പ്രത്യേകിച്ച് സിനിമാക്കാരുടെ ലഹരി ഉപയോഗം ഒരു വിഷയമല്ലതായി മാറിയിരിക്കുന്നു എന്നത് ദുഃഖകരമാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക