കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍. ചര്‍ച്ചകള്‍ വിയജകരമായിരുന്നുവെന്ന് താരിഖ് അന്‍വറും അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.

കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷന്‍ ഉള്‍പ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം. വൈസ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച്‌ ചുമതല നല്‍കും. 3 വൈസ് പ്രസിഡന്റ്, 16 ജനറല്‍ സെക്രട്ടറിമാര്‍, 27 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എന്നിവരാകും ഉണ്ടാകുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെമികേഡര്‍ രീതിയില്‍ ഉള്ള പരിവര്‍ത്തനമാണ് സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്നത്. സെക്രട്ടറിമാര്‍ എക്‌സിക്യൂട്ടിവില്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സെക്രട്ടറിമാരെ ഇപ്പോള്‍ നിശ്ചയിക്കുകയും ഇല്ല. ഡല്‍ഹിയില്‍ താരിഖ് അന്‍വറുമായ് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന നേത്യത്വം നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നപ്പോള്‍ ഭാരവാഹികള്‍ അടക്കം 300 അംഗ ജംബോ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. സംസ്ഥാന നേത്യത്വം മുന്നോട്ട് വച്ച നിര്‍ദേശത്തോട് യോജിക്കുമ്ബോഴും തര്‍ക്കം ഒഴിവാക്കി വേണം പ്രഖ്യാപനം എന്നാണ് ഹൈക്കമാന്‍ഡിന്റെ താത്പര്യം. ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നത് ഓടുകൂടി കോൺഗ്രസിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ ഉടലെടുക്കാനുള്ള സാധ്യതകൾ ആണ് രാഷ്ട്രീയ എതിരാളികൾ മുൻകൂട്ടി കാണുന്നത്.

ഭാരവാഹികൾ ആകുവാൻ സാധ്യത ഇവർക്കൊക്കെ:

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മൂന്ന് പേരെ വീതം കൊടുക്കാനാണ് സാധ്യത. വി എസ് ശിവകുമാര്‍, കരകുളം കൃഷ്ണപിള്ള, ആര്‍ ചന്ദ്രശേഖരന്‍, ജ്യോതികുമാര്‍ ചാമക്കാല, അജയ് മോഹന്‍, എഎ ഷുക്കൂര്‍, അജയ് മോഹന്‍, ഫിലിപ്പ് ജോസഫ്, അഡ്വ അശോകന്‍, നിലകണ്ഠന്‍ എന്നിവരെയാണ് ചെന്നിത്തല മുമ്ബോട്ട് വയ്ക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്കാകും നറുക്കു വീഴുക. ഉമ്മന്‍ ചാണ്ടിയും പരിഗണിക്കേണ്ടവരുടെ പേരുകള്‍ മുമ്ബോട്ട് വച്ചിട്ടുണ്ട്. വര്‍ക്കല കഹാര്‍, ശിവദാസന്‍ നായര്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാനികള്‍. കോട്ടയത്ത് നിന്ന് പി എ സലിമിന്റെ പേരും ചര്‍ച്ചകളിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും അടുപ്പമുള്ള വ്യക്തിയാണ് സലിം.

വി എം സുധീരന്റെ പക്ഷത്തു നിന്നാണ് അനില്‍ അക്കരെ ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയാകുന്നത്. ടോമി കല്ലാനിയും, സുരജ് രവിയും വി എം സുധീരന്റെ ആളുകളാണ്. ഇവര്‍ക്കായും സമ്മര്‍ദ്ദമുണ്ട്. ജോണ്‍സണ്‍ എബ്രഹാമിന് വേണ്ടി സുധീരനും എ ഗ്രൂപ്പും രംഗത്തുണ്ട്. എവി ഗോപിനാഥിന് പുറമേ സുമാ ബാലകൃഷ്ണന്‍, അജയ് തറയില്‍ ഡി സുഗതന്‍ എന്നിവരുടെ പേരുകളും കെപിസിസി അധ്യക്ഷന്‍ മുമ്ബോട്ട് വയ്ക്കുന്നുണ്ട്. 

പത്ത് സ്ത്രീകളെയെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. പത്മജ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി പരിഗണിക്കുന്നു. ബിന്ദു കൃഷ്ണയെയും പികെ ജയലക്ഷ്മിയേയും സുമ ബാലകൃഷ്ണനെയും ജന. സെക്രട്ടറിമാരായും ജ്യോതി വിജയകുമാര്‍, ജെബി മേത്തര്‍, സ്വപ്ന ജോര്‍ജ്, ഹരിപ്രിയ, കെഎ ഷീബ എന്നിവരെ നിര്‍വാഹകസമിതിയിലേയ്ക്കും പരിഗണിക്കുന്നുണ്ട്. ദളിത് വിഭാഗത്തിനും അര്‍ഹമായ പരിഗണന നല്‍കുമെന്നാണ് കെ. സുധാകരന്‍ അറിയിച്ചത്. വിപി സജീന്ദ്രന്‍, വിദ്യാധരന്‍, കെഎസ് ഗോപകുമാര്‍ തുടങ്ങിയവരെ പരിഗണിക്കും. വനിതാ വിഭാഗത്തില്‍ പരിഗണിക്കുന്ന ജയലക്ഷ്മി, കെഎ ഷീബ തുടങ്ങിയവരും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും. 51 അംഗ നിര്‍വാഹക സമിതിയില്‍ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിര്‍വാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോള്‍ അന്തിമമാക്കാന്‍ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തില്‍ നിയമിക്കുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക