കോഴിക്കോട്: ഭരണഘടനക്കെതിരെ വിവാദപരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ രാജ്ഭവന്‍ തേടിയിട്ടുമുണ്ട്. എന്നാല്‍, താന്‍ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും വിശദീകരിച്ച്‌ ഖേദപ്രകടനവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിട്ടുണ്ട്.

നിയമം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1971ലെ ‘പ്രിവന്‍ഷന്‍ ഓഫ് ഇന്‍സല്‍ട് ടു നേഷണല്‍ ഓണര്‍’ ആക്‌ട് അനുസരിച്ച്‌ ഭരണഘടനയെ അപമാനിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തില്‍ പറയുന്നത് ഇങ്ങനെ – “പൊതുസ്ഥലത്തോ പൊതുശ്രദ്ധയില്‍ വരുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആരെങ്കിലും ദേശീയ പതാകയെയോ ഇന്ത്യന്‍ ഭരണഘടനയെയോ കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ, അല്ലെങ്കില്‍ വാക്കിലൂടെയോ, എഴുത്തിലൂടെയോ, പ്രവൃത്തിയിലൂടെയോ അനാദരവ് കാണിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.”

മന്ത്രി ഭരണഘടനയെ അവഹേളിച്ചുവെന്ന് വ്യക്തമായാല്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ നിര്‍ദേശിക്കാനാകും. സജി ചെറിയാനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിലായിരുന്നു മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്ബളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്’ -മന്ത്രിയുടെ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെ.

മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെയും മന്ത്രി അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും അപമാനിച്ചുവെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാളുടെ ഇത്തരത്തിലുള്ള പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനല്‍ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയെ വിമര്‍ശിക്കാമെങ്കിലും ആക്ഷേപിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സി.പി.എം. എന്നാല്‍, മന്ത്രിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. മന്ത്രി ഭരണഘടനക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും നാക്കുപിഴ സംഭവിച്ചതാകാമെന്നുമാണ് സി.പി.എം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക