കഴിഞ്ഞ ശനിയാഴ്ച കോട്ടയം നഗരത്തെ അക്ഷരാർത്ഥത്തിൽ മുനയിൽ നിർത്തുന്ന പ്രതിഷേധപ്രകടനം ആയിരുന്നു യൂത്ത് കോൺഗ്രസ് നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെതിരെ നടത്തിയ പ്രകടനത്തിൽ ഇടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കു പറ്റിയതിൽ പ്രതിഷേധിച്ചാണ് കളക്ടറേറ്റ് മാർച്ച് നടന്നത്. അക്രമാസക്തമായ മാർച്ചിൽ മണിക്കൂറുകളോളം പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം നടന്നിരുന്നു. ഡിവൈഎസ്പിയും സിഐയും ഉൾപ്പെടെ നിരവധി പോലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.

ശക്തമായ വകുപ്പിലാണ് പോലീസ് കേസ് ചാർജ് ചെയ്തത്. 19 പേര് പറഞ്ഞ പ്രതികളും കണ്ടാൽ അറിയാവുന്ന 81 പ്രതികളും ആണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ രണ്ടാംനിര നേതാക്കളിൽ പ്രമുഖരായ നാലു പേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും ഇന്നലെ ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റുള്ള പ്രതികൾക്കുവേണ്ടി ഊർജിതമായ തിരച്ചിൽ ആണ് പോലീസ് നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പല യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ പോലീസ് കേറി ഇറങ്ങുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ഇവരെ തിരിച്ചറിഞ്ഞു എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ പാർട്ടിക്കുള്ളിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം വീഡിയോദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ് കൊടുത്തതും, ഇവരുടെ വീടും, താമസസ്ഥലവും എല്ലാം പോലീസിന് കൈമാറിയതും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആണെന്നാണ്.

തങ്ങൾ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനും, തങ്ങൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം മൂത്ത കോൺഗ്രസുകാർ നടത്തിയത് എന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രകടനത്തിന് നേതൃത്വം നൽകിയ സംസ്ഥാന ഭാരവാഹികളും, ജില്ലാ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ പ്രവർത്തകരുടെ മുന്നിൽ സംശയ നിഴലിലാണ്. പ്രവർത്തകരുടെ രോക്ഷ പ്രകടനത്തെ ഇവർ പലയിടത്തും പരസ്യമായിത്തന്നെ തള്ളി പറഞ്ഞിരുന്നു. ഇവരിൽ പലരും പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിൽ സന്ദർശിച്ചു എന്നതിന്നുള്ള തെളിവുകളും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലഭ്യമായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ആക്രമണം നടത്തിയ പ്രവർത്തകരെ പോലീസിന് കാട്ടി കൊടുക്കാം എന്ന് ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഇവർ പലയിടത്തും പറഞ്ഞതായും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.

കോട്ടയം ജില്ലയിലെ ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും ഒളിവിലാണ്. ഇവരിൽ പലരുടെയും വീടുകളിൽ പോലീസ് പലവട്ടം അന്വേഷിച്ച് എത്തിയിട്ടുണ്ട്. എന്നിട്ടും ഒരു അനങ്ങാപ്പാറ സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരികെ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അഭാവത്തിൽ നേതൃസ്ഥാനത്ത് നിൽക്കേണ്ടവരാരും പ്രവർത്തകർക്ക് ഒരുവിധത്തിലും സഹായം ആകുന്നില്ല. ജില്ലയിലെ കോൺഗ്രസ് നേതാവായ മുതിർന്ന അഭിഭാഷകൻ, യൂത്ത് കോൺഗ്രസ് ലീഗൽ സെൽ കോഡിനേറ്റർ എന്നിവരുടെ സഹായത്തോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മാത്രമാണ് പ്രവർത്തകർക്കും മുൻകൂർ ജാമ്യം ഉൾപ്പെടെയുള്ള നിയമ സഹായവുമായി രംഗത്ത് ഉള്ളത് എന്നാണ് അറിയാൻ കഴിയുന്നത്. സംരക്ഷിക്കുന്നില്ല എന്നത് പോട്ടെ തങ്ങളെ ഒറ്റുകൊടുത്തവരാണ് കോൺഗ്രസിൽ ഉള്ള നേതാക്കൾ എന്ന തിരിച്ചറിവ് വേദനാജനകമാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നുണ്ടെന്നും അറിയാൻ കഴിയുന്നു. ഏതായാലും വരും ദിവസങ്ങളിൽ ഇത് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക