കൊച്ചി: റോഡുകളിലെ കുഴിയില്‍ പരിഹാസവുമായി ഹൈക്കോടതി. കുഴിയടക്കണമെങ്കില്‍ കെ- റോഡ് എന്നാക്കണമോയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ അടക്കം നിരവധി റോഡുകള്‍ തകര്‍ന്നത് സംബന്ധിച്ച വിവിധ ഹരജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാല്‍ എന്‍ജിനിയര്‍ക്കും കോണ്‍ടാക്ടര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡ് നന്നാക്കാനുപയോഗിക്കേണ്ട പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ദിനം പ്രതി അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. നിരവധി തവണ റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല . കോടതിക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണെന്നും കോടതി പറഞ്ഞു.

എന്‍ജിനീയര്‍മാര്‍ കാറില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോള്‍ മാത്രമേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികള്‍ കാണാന്‍ പറ്റാത്ത അവസ്ഥയാണ്. കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുമ്ബോഴും റോഡ് നന്നാക്കാന്‍ നടപടിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. നടപടി സ്വീകരിച്ചുവരികയാണെന്നും അടിയന്തിരമായി റോഡുകള്‍ നന്നാക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക