
പാലക്കാട്: കാട്ടുപന്നിക്കൂട്ടത്തെ ആക്രമിച്ച പുലിയും ഒപ്പം മൂന്നു കാട്ടുപന്നികളും കുഴിയില്‍ വീണു. പുലിയെയും ഒരു കാട്ടുപന്നിയെയും വനപാലകര്‍ രക്ഷിച്ചു. പുളിയന്‍പ്പുള്ളി മേപ്പാടം അരുമണി കാട്ടിലാണ് സംഭവം. പത്തടി താഴ്ചയുള്ള കുഴിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണു പുലിയും കാട്ടുപന്നികളും വീണത്.
ആനശല്യം തടയാന്‍ സ്ഥാപിച്ച സൗരോര്‍ജവേലിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വനം വാച്ചര്‍മാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണു കുഴിയില്‍ ഇവയെ കണ്ടത്. രണ്ടു മണിക്കൂറിനു ശേഷം വനപാലകര്‍ ഇവരുടെ രക്ഷയ്ക്കായി എത്തി കുഴിയിലേക്ക് ഇറക്കിവച്ച ഏണിയില്‍ കയറി പുലി സമീപത്തെ റിസര്‍വ് വനത്തിലേക്കു രക്ഷപ്പെട്ടു. വനപ്രദേശമായതിനാലാണു മയക്കുവെടി വയ്ക്കാതെ രക്ഷപ്പെടുത്തിയത്.