കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ ക്രമക്കേടിൽ കർശന നടപടിയുമായി സി.പി.എം. സിപി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി അടക്കം അഞ്ചു പേർക്കെതിരെ നടപടിയെടുത്ത് പാർട്ടി. സി.ഐ.ടി.യു ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും കാരാപ്പുഴ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയംഗവുമായ എം.എച്ച് സലിം, നഗരസഭ അംഗവും സി.പി.എം ഏരിയ സെന്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന ടി.എൻ മനോജ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഇ.പി മോഹനൻ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സുരേഷ്, തങ്കപ്പൻ എന്നിവർക്കെതിരെയാണ് സി.പി.എം നടപടിയെടുത്തത്.

എം.എച്ച് സലിമിനെ സി.ഐ.ടി.യു അടക്കം തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കുകയും, ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തുകയും ചെയ്തു. ടി.എൻ മനോജിനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തി. കാരാപ്പുഴ ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയുകയും ചെയ്തു. ഇ.പി മോഹനനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കും സുരേഷിനെയും തങ്കപ്പനെയും പാർട്ടി പ്രാഥമിക അംഗത്വത്തിലേയ്ക്കു തരം താഴ്ത്തുകയും ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ മോഹനനോടും, സലിമിനോടും രാജി വയ്ക്കാനും പാർട്ടി നിർദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാരാപ്പുഴ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ചു പുറത്ത് വന്ന വാർത്തയെ തുടർന്നു സിപിഎം ഏരിയ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ അജയൻ കെ.മേനോന്റെയും, ദിലീപിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ കമ്മിഷനാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർന്നു നേതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് സിപിഎം ജില്ലാ കമ്മിറ്റിയ്ക്കു സമർപ്പിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് ചേർന്ന ജില്ലാ കമ്മിറ്റിയോഗം ഈ അന്വേഷണ റിപ്പോർട്ടിന് അംഗീകാരം നൽകി. തുടർന്നു, ജില്ലാ സെക്രട്ടറി സി.പി.എം ഏരിയ കമ്മിറ്റിയിൽ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന്, കാരാപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലെ ബ്രാഞ്ച് കമ്മിറ്റികളിൽ ഈ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്യുകയാണ്.

പരാതി ഇങ്ങനെ
ഈ നേതാക്കളുടെ ഒത്താശയോടെ ഒരു ലക്ഷം രൂപയിൽ താഴെ ഈട് ലഭിക്കുന്ന അഞ്ച് സെന്റ് പാടം കാട്ടി, ഒരു കോടി രൂപയിലധികം ബാങ്കിൽ നിന്നും തട്ടിയെടുത്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. സംസ്ഥാന ഭാരവാഹിയായ നേതാവിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം കാട്ടി 25 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും വായ്പയെടുത്തതെന്നു പരാതിയിൽ പറയുന്നു. സെന്റിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് പ്രദേശത്ത് വിലയുള്ളത്.

എന്നാൽ, അഞ്ചു സെന്റിന് ഏഴര ലക്ഷം രൂപയാണ് ബാങ്ക് നടത്തിയ പരിശോധനയിൽ വാല്യു കണ്ടെത്തിയത്. ഇത്തരത്തിൽ വ്യാജ രേഖ ചമച്ചാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നു പരാതിക്കാർ പറയുന്നു. ബാങ്ക് സ്ഥലത്തിനു കണ്ടെത്തുന്ന വാല്യുവിന്റെ പകുതി മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, ഇത് മറികടന്ന് 25 ലക്ഷം രൂപയാണ് അഞ്ചു സെന്റിന് വായ്പയായി അനുവദിച്ചത്.

ഈ തുകയിൽ പത്തു ലക്ഷം രൂപ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റായി ഇദ്ദേഹം നിക്ഷേപിച്ചു. തുടർന്ന്, ബാങ്കിൽ നിന്നും ചിട്ടി പിടിച്ചു. ഈ ചിട്ടി പിടിക്കുന്നതിനു ഈടായി നൽകിയത് ബാങ്കിലെ തന്നെ ഫിക്സഡ് ഡിപ്പോസിറ്റായി നൽകിയ തുകയായിരുന്നു. പത്തു ലക്ഷം രൂപ ചിട്ടി പിടിച്ച ശേഷം ഈ ഫിക്സഡ് ഡിപ്പോസിറ്റ് ഇദ്ദേഹം പിൻവലിക്കുകയും ചെയ്തു. ഇത്തരത്തിൽ 1.13 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നാണ് പരാതി. ഇത്തരത്തിൽ 45 ലക്ഷം രൂപയും, ഇതിന്റെ പലിശയും അടക്കം 1.13 കോടി രൂപയാണ് ബാങ്കിൽ നിന്നും വ്യാജ രേഖകൾ അടക്കം തട്ടിയെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക