പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സൗകര്യം ചെയ്ത് നല്‍കുന്നുവെന്ന് ആരോപിച്ച്‌ മധ്യവയസ്‌ക്കനെ കൈകാര്യം ചെയ്യാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവാക്കള്‍ കൊലപാതക ശ്രമ കേസില്‍ അറസ്റ്റിലായി. ഇലന്തൂര്‍ ചായപുന്നക്കല്‍ രാഹുല്‍ കൃഷ്ണന്‍, നൂര്‍ കരിംഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോണ്‍ ജോസഫ്, ശ്രീകൃഷ്ണപുരം വീട്ടില്‍ ശിവവരദന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇലന്തൂര്‍ വാര്യാപുരത്തിന് സമീപമുള്ള ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരന്‍ ഇലന്തൂര്‍ സ്വദേശി സുദര്‍ശന(57)നെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ കടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ അയച്ചത്. ക്വട്ടേഷന്‍സംഘാംഗങ്ങളുമായി എത്തി ഫര്‍ണിച്ചര്‍ കടയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്ത് വെച്ചാണ് സുദര്‍ശനനെ മര്‍ദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടമ്മ മര്‍ദിക്കാന്‍ നല്‍കിയ കരാര്‍ ഏറ്റെടുത്ത പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തുടര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍ പോയി. ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് യുവാക്കളെ പത്തനംതിട്ട ഡി.വൈ എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മ ഈ കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവ് രണ്ടാം പ്രതിയുമാണ്. ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയുടെ ഭര്‍ത്താവ് ഫര്‍ണിച്ചര്‍കടയുടെ വര്‍ക്ക് ഷോപ്പില്‍ വെച്ച്‌ ജീവനക്കാരുമായി ചേര്‍ന്ന് മദ്യപിക്കുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുന്‍പ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സുദര്‍ശനനെ വീട്ടമ്മ അസഭ്യംപറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം വനിതാ പോലീസ് സെല്ലില്‍ പരാതി നല്‍കിയിരുന്നു. സുദര്‍ശനന്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ഇവരുടെ പരാതി. പരാതിയില്‍ കഴമ്ബില്ലെന്ന് പോലീസ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കി ആളെ അയച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക