പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ് സ്ലിപ്പ് വന്നപ്പോള്‍ തെളിഞ്ഞത് എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ. ആന്റണിയുടെ പേര്. താൻ കുത്തിയത് ആന്റോയ്ക്കാണെന്ന നിലപാടില്‍ വോട്ടർ ഉറച്ചു നിന്നതോടെ പ്രതിഷേധമായി. ഒരു മണിക്കൂറോളം ബൂത്തില്‍ പോളിങ് തടസപ്പെട്ടു. നാലു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പരാതി പിൻവലിച്ച്‌ വോട്ടർ മടങ്ങി.

ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്ബഴ വടക്ക് ഒന്നാം നമ്ബർ ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ വോട്ട് ചെയ്ത ബ്യൂട്ടീഷൻ അസോസിയേഷൻ (സിഐ.ടി.യു) ജില്ലാ സെക്രട്ടറി ഷേർലിയാണ് പരാതി ഉന്നയിച്ചത്. താൻ ആന്റോ ആന്റണിക്കാണ് വോട്ട് ചെയ്തതെന്നും പക്ഷേ, വിവിപാറ്റില്‍ വന്ന സ്ലിപ്പ് അനില്‍ കെ. ആന്റണിയുടെ താമര ചിഹ്നമാണെന്നും ഇവർ പറഞ്ഞു. പരാതി ഉയർന്നതോടെ പോളിങ് നടപടികള്‍ പ്രിസൈഡിങ് ഓഫീസർ നിർത്തി വച്ചു. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികളോടും ക്യൂവില്‍ നിന്ന ചിലരോടും വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. വിവിപാറ്റ് സ്ലിപ്പ് കൃത്യമായി വരുന്നുണ്ടെന്ന് വോട്ട് ചെയ്തവർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, വോട്ടറായ ഷേർലി തന്റെ ആക്ഷേപത്തില്‍ ഉറച്ചു നിന്നു. ഇതോടെ പ്രശ്നം യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുത്തു. ആന്റോ ആന്റണി സ്ഥലത്ത് വന്നു. ഷെർലി ചെയ്യാത്ത വോട്ട് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവർക്ക് വീണ്ടും അവസരം നല്‍കണമെന്നും ഒരു വോട്ട് ക്യാൻസല്‍ ചെയ്യണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി വരണാധികാരിയായ ജില്ല കലക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു. ഇതിനെതിരേ എൻ.ഡി.എ പ്രവർത്തകർ രംഗത്തു വന്നു. തുടർന്ന് ഡെപ്യൂട്ടി കലക്ടർ സംഭവസ്ഥലം സന്ദർശിച്ചു. ഇതിനിടെ പോളിങ് നടപടികള്‍ ഒരു മണിക്കൂറോളം തടസപ്പെട്ടു.

ഡെപ്യൂട്ടി കലക്ടർ രണ്ട് ഉപാധികള്‍ മുന്നോട്ടു വച്ചു. ഒന്നുകില്‍ പരാതി പിൻവലിക്കാം. അല്ലാത്ത പക്ഷം വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്‍കാം. പക്ഷേ വോട്ട് ചെയ്യുമ്ബോള്‍ ആ ചിഹ്നത്തിന് പകരം മറ്റ് ചിഹ്നത്തിന്റെ വിവിപാറ്റ് വരാത്ത പക്ഷം ആറുമാസം തടവും പിഴയും ഉണ്ടാകും. ഇതു കേട്ടതോടെ ഷേർലി പരാതിയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. പേരിലുണ്ടായ സാമ്യം മൂലം വോട്ട് മാറിച്ചെയ്തതാണ് എന്നാണ് കരുതുന്നത്. സിഐ.ടി.യു ബ്യൂട്ടീഷൻ അസോസിയേഷന്റെ ഭാരവാഹിയായ ഷേർലി താൻ വോട്ട് ചെയ്തത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കാണെന്ന് തുറന്നു പറഞ്ഞത് സിപിഎമ്മിന് ക്ഷീണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക