ആയുധധാരികളായ കവർച്ചാസംഘത്തെ സധൈര്യം നേരിടാൻ കരുത്തായത് ആയോധനകലയിലെ പരിശീലനമെന്ന് ഹൈദരാബാദിലെ വീട്ടമ്മ. വീട്ടില്‍ക്കയറി കവർച്ച നടത്താൻ ശ്രമിച്ച രണ്ടംഗസംഘത്തെ മകള്‍ക്കൊപ്പം ചേർന്ന് അടിച്ചോടിച്ചതിലൂടെ വാർത്തകളിലിടം നേടിയ ഹൈദരാബാദ് ബീഗംപേട്ട് സ്വദേശിനി അമിത മഹ്നോത്(46) ആണ് തന്റെ ധൈര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് അമിതയുടെ വീട്ടില്‍ തോക്കും കത്തിയുമായി രണ്ടംഗസംഘം കവർച്ചയ്ക്കെത്തിയത്. ആദ്യമൊന്ന് പതറിയെങ്കിലും ത്വയ്ക്കാൻഡോയില്‍ പരിശീലനം നേടിയിട്ടുള്ള അമിത മോഷ്ടാക്കളെ കായികമായി നേരിട്ടു. ഒപ്പം 12-ാം ക്ലാസുകാരിയായ മകള്‍ വൈഭവിയും ചേർന്നതോടെ കള്ളന്മാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, ആ രണ്ട് കവർച്ചക്കാരെയും കൈകാര്യം ചെയ്യാൻ എനിക്ക് അപ്പോള്‍ ആത്മവിശ്വാസം തോന്നിയിരുന്നു’, വ്യാഴാഴ്ച വൈകിട്ടുനടന്ന സംഭവത്തെക്കുറിച്ച്‌ അമിതയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.പ ത്തുവർഷത്തിലേറെയായി പതിവായി ജിംനേഷ്യത്തില്‍ പരിശീലനത്തിന് പോകുന്ന വീട്ടമ്മയാണ് അമിത. ഇതിനൊപ്പം ആയോധനകലയായ ത്വയ്ക്കാൻഡോയും പരിശീലിച്ചിരുന്നു.

പാർസല്‍ ഡെലിവറി ചെയ്യാനെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകിട്ട് അപരിചിതരായ രണ്ടുപേർ അമിതയുടെ വീട്ടിലെത്തിയത്. സംഭവസമയത്ത് അമിതയും 12-ാം ക്ലാസ് പരീക്ഷയെഴുതി നില്‍ക്കുന്ന മകള്‍ വൈഭവിയും വീട്ടുജോലിക്കാരിയായ സ്വപ്നയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാർസല്‍ നല്‍കാൻ വന്നവർക്ക് ഗേറ്റ് തുറന്ന് നല്‍കിയതിന് പിന്നാലെ ഇരുവരും വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി. തുടർന്ന് മാസ്ക് ധരിച്ച അക്രമികളിലൊരാള്‍ കത്തി പുറത്തെടുക്കുകയും വീട്ടുജോലിക്കാരിയെ കഴുത്തില്‍ കത്തിവെച്ച്‌ ബന്ദിയാക്കുകയും ചെയ്തു. ഇതേസമയം, രണ്ടാമത്തെയാള്‍ തോക്ക് പുറത്തെടുത്തു. അമിതയെ ആക്രമിച്ചു.

ആദ്യമൊന്ന് പകച്ചെങ്കിലും തൊട്ടുപിന്നാലെ അമിത അക്രമിയെ നേരിട്ടു. ആഞ്ഞൊരു ചവിട്ട് നല്‍കി കൊണ്ടായിരുന്നു അമിതയുടെ തിരിച്ചടിയുടെ തുടക്കം. തോക്ക് ചൂണ്ടിയെങ്കിലും ധൈര്യം കൈവിടാതെ അമിത അക്രമിയെ നേരിട്ടു. പിന്നാലെ അയാള്‍ അമിതയെ കീഴ്പ്പെടുത്താൻ നോക്കുകയും വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യത്തിന് തോക്ക് പ്രവർത്തിച്ചില്ല. ഈ സമയം അമിത സഹായത്തിനായി നിലവിളിച്ചു. അക്രമി ധരിച്ചിരുന്ന ഹെല്‍മെറ്റ് വലിച്ചൂരാനും ശ്രമിച്ചു. ബഹളം കേട്ടെത്തിയ വൈഭവിയുടെ ഊഴമായിരുന്നു അടുത്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ടെത്തിയ മകള്‍ ഒരുനിമിഷം പോലും ആലോചിച്ച്‌ നില്‍ക്കാതെ അക്രമിയെ നേരിട്ടു. പിന്നാലെ അമിതയും വൈഭവിയും ഇയാളെ പൊതിരെതല്ലി. ഒടുവില്‍ നില്‍ക്കകളിയില്ലാതെ ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

അതേസമയം, കവർച്ചാസംഘത്തിലെ രണ്ടാമൻ വീട്ടിലെ അടുക്കളയിലുണ്ടായിരുന്നു. ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും ഇയാളും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍, ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വൈകാതെ ആദ്യം രക്ഷപ്പെട്ടയാളും പോലീസിന്റെ പിടിയിലായി.മോഷ്ടാക്കളെ ധീരമായി നേരിട്ട സംഭവം പുറത്തറിഞ്ഞതോടെ അമ്മയ്ക്കും മകള്‍ക്കും അഭിനന്ദനപ്രവാഹമായിരുന്നു. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രോഹിണി പ്രിയദർശിനി ഇവരുടെ വീട്ടിലെത്തി അമ്മയെയും മകളെയും ആദരിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും അമിതയെയും മകളെയും നേരിട്ടെത്തി അഭിനന്ദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക