
കൊച്ചി: സേവ് ദ ഡേറ്റ് ഉള്‍പ്പടെ വിവാഹ ഫോട്ടോഷൂട്ടില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക് മുന്നില്‍ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ. ഓടുന്നതും നിര്‍ത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളില്‍ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്തകാലത്തായി വ്യത്യസ്തമാര്‍ന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ മലയാളികള്‍ക്കിടയില്‍ വൈറലാണ്. ഈ സാഹചര്യം മുതലെടുത്താന്‍ വരുമാന വര്‍ദ്ധനയ്ക്കായി കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം.
വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാന്‍ സാധിക്കും. ആലുവ – പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താന്‍ അവസരമുള്ളത്.