കൊല്ലം: സിനിമാ തിയറ്ററില്‍ അക്രമം അഴിച്ചു വിടുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. സഹോദരന്മാരായ മരുത്തടി ഒഴുക്കുതോടിനു സമീപം ജയന്തി കോളനി ലത ഭവനില്‍ വിഷ്ണു (27), വിനേഷ് (25), കന്നിമേല്‍ച്ചേരി ഗോപിക്കട അഴികത്തുവീട്ടില്‍ വിഷ്ണുലാല്‍ (25), ഒഴുക്കുതോട് പുതുപ്പടന്നയില്‍ നിഖില്‍ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രി ഒന്‍പതരയോടെ കൊല്ലം രമ്യ തിയറ്ററിലാണ് അക്രമമുണ്ടായത്.

സിനിമ തുടങ്ങുന്നതിനിടെ കുറച്ചുപേര്‍ ചേര്‍ന്നു സംഘര്‍ഷമുണ്ടാക്കി എന്നാണ് പരാതി. നേരത്തേതന്നെ മറ്റു ചിലര്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റുകളില്‍ പ്രതികള്‍ ഉള്‍പ്പെടെ കുറച്ചു യുവാക്കള്‍ ഇരുന്നതാണ് പ്രശ്നത്തിനു തുടക്കം. ഇവിടെ നിന്നു മാറാനും ഇവര്‍ക്കു നല്‍കിയിട്ടുള്ള സീറ്റുകളില്‍ ഇരിക്കാനും ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നു തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു. ജീവനക്കാരനായ ശക്തിവേലിന്റെ താടിയെല്ലിനു പൊട്ടലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിയറ്ററില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ഥിയുടെ കഴുത്തില്‍ നീളത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഒരു സീറ്റ് ചവിട്ടിയൊടിക്കുകയും ചെയ്തതായി മാനേജര്‍ യു.സന്തോഷ് പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ തിയറ്റര്‍ വാതിലുകള്‍ പുറത്തുനിന്ന് പൂട്ടുകയും ഈസ്റ്റ് പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. എന്നാല്‍ പത്തിലധികം അക്രമികളില്‍ നാലു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാലാണ് ജാമ്യം ലഭിച്ചതെന്നും തിയറ്റര്‍ ജീവനക്കാര്‍ ആരോപിച്ചു.

എന്നാല്‍ ആയുധമില്ലാതെ ആക്രമിച്ച സംഭവമായതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ഈസ്റ്റ് പോലീസ് അധികൃതര്‍ അറിയിച്ചു. സീറ്റുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനായി റിസര്‍വ് ചെയ്യപ്പെടുന്നതിനാല്‍ കൗണ്ടറില്‍ നിന്നുള്ള ടിക്കറ്റുകള്‍ കുറയുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും നഗരത്തിലെ പല തിയറ്ററുകളിലും പതിവായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക