കോട്ടയം: കോടഞ്ചേരിയിലെ മിശ്ര വിവാഹം സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഉണ്ടെന്ന് കത്തോലിക്ക സഭ മുഖപത്രം. ഈ ആശങ്ക ക്രൈസ്തവര്‍ക്ക് മാത്രമല്ലെന്നും ദീപിക ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. സി.പി.എമ്മിനെ പേരെടുത്ത് വിമര്‍ശിക്കുകയാണ് ദീപിക മുഖപ്രസംഗത്തില്‍. മിശ്ര വിവാഹങ്ങള്‍ പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ എന്നും മുഖപ്രസംഗം ചോദിക്കുന്നു. ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിനും തീവ്രവാദ നീക്കങ്ങളില്‍ ഭയമുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

‘പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളും പറയുന്നത്. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?’, മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടഞ്ചേരിയിലെ ജ്യോസ്‌നയെ തട്ടിക്കൊണ്ടു പോയതാണെന്ന കുടുംബത്തിന്റെ ആരോപണം ദീപിക ആവര്‍ത്തിക്കുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകള്‍ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിന് സമ്മതിപ്പിക്കേണ്ടത്.

ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങള്‍ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേര്‍ക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകള്‍ക്കും സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം ചോദിക്കുന്നു.

കേരളത്തില്‍ നിന്നും ഐ.എസിലെത്തിയ പെണ്‍കുട്ടികളുടെ കേസിനെ കുറിച്ചും ദീപിക പരാമര്‍ശിക്കുന്നു. ഐ.എസിലെത്തിയ യുവതികളുടെ മാതാപിതാക്കളെ സഹായിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളോ പുരോഗമനവാദികളോ ഇതുവരെ രംഗത്ത് വന്നിട്ടില്ലെന്നും, ഇതെല്ലാം കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാളെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

‘ആയിരക്കണക്കിനു മിശ്രവിവാഹങ്ങള്‍ നടക്കുന്ന കേരളത്തില്‍, എന്തുകൊണ്ടാണ് വിരലിലെണ്ണാവുന്ന ചിലതിനു മാത്രം കോലാഹലമെന്നത് ചിന്തിക്കേണ്ടത് ജലീലിനെപ്പോലെയുള്ളവരാണ്. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകും.

ജോയ്‌സ്‌നയുടെ വിഷയത്തില്‍, സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണ് ചെയ്യേണ്ടത്. ജ്യോസ്‌നയുടെ നിസ്സഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്റെയോ മതസൗഹാര്‍ദത്തിന്റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടത്’, മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക