എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാകണമെന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും. തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യത്തെ ചര്‍ച്ചയാണ് തിങ്കളാഴ്ച നടക്കാന്‍ പോകുന്നത്. അതേ സമയം പി.ടി തോമസിന്റെ ഭാര്യയെ പരിഗണിക്കമെന്നാണ് കെപിസിസിയുടെ നിലപാട്. വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി അംഗങ്ങളെ തന്നെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന ആവശ്യമായി ജില്ലയിലെ നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

കെ സി വേണുഗോപാലും വി.ഡി സതീശനും പി.ടി തോമസിന്റെ ഭാര്യയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിച്ചത്. അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടല്ല പിടിയുടെ ഭാര്യയെ കണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ആദ്യമായാണ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സീറ്റിനായി പരിഗണിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കര എന്നതിനാല്‍ തന്നെ നിരവധി നേതാക്കള്‍ സീറ്റിനെ ലക്ഷ്യം വക്കുന്നുണ്ട്. പിടിയുടെ ഭാര്യ ഉമാ തോമസിന്റെ പേര് നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോഴും ഒരു പക്ഷം നേതാക്കള്‍ ഈ തീരുമാനത്തിനോട് എതിരാണ്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കുടുംബവാഴ്ചയാണെന്ന് ഡൊമനിക് പ്രസന്റേഷന്‍ പ്രതികരിച്ചിരുന്നു. ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന് കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ് പി ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക