മദ്യനയത്തില്‍ സഭയുടെ എതിര്‍പ്പിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത വിമര്‍ശനം ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. മദ്യം വന്‍തോതില്‍ ഒഴുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നായിരുന്നു പ്രധാനപ്പെട്ട വിമര്‍ശനം. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയും പുതിയ മദ്യ നയത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മദ്യനയത്തില്‍ നിലപാട് നേരിട്ട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയത്.

മദ്യനയം, കെറെയില്‍ വിഷയങ്ങളിലെ കത്തോലിക്കാ സഭയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആണ് മദ്യനയത്തില്‍ കാര്യമായി പ്രതികരണത്തിന് തയ്യാറാകാതെ ജോസ് കെ മാണി പിന്‍വാങ്ങിയത്. അതേസമയം , കെ റെയില്‍ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കണം എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആശങ്ക ദൂരീകരിക്കണം എന്നതാണ് ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കത്തോലിക്കാ സഭ കെ റെയില്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ സഭയ്ക്ക് വിയോജിപ്പ് പറയാനുള്ള അവകാശം ഉണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. ഇക്കാര്യത്തില്‍ആശങ്ക ദൂരീകരിക്കും എന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണിയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട് എന്ന് ജോസ് കെ മാണി പറഞ്ഞു.

ആശങ്കകള്‍ പരിഹരിക്കും എന്നതിനപ്പുറത്തേക്ക് കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന മുന്നണിയുടെ പൊതു നിലപാട് ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാവ് കൂടിയായ ജോസ് കെ മാണി ഉന്നയിച്ചില്ല എന്നതാണ് ശ്രദ്ധേയം. നേരത്തെ മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ വിഷയവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണയില്‍ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തിയിരുന്നു. ഈ യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കുമെന്ന ആയിരുന്നു ജില്ലയിലെ ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജോസ് കെ മാണി യോഗത്തില്‍ നിന്ന് അവസാനം വിട്ടുനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി സര്‍ക്കാര്‍ ചീഫ് വിപ്പ് പ്രൊഫസര്‍ എന്‍ ജയരാജാണ് യോഗത്തിന് എത്തിയത്. കെ റെയില്‍ വിഷയം സംസ്ഥാനത്ത് വലിയ രീതിയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായപ്പോഴും വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-എം മൗനം പാലിച്ചു. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തപ്പോഴും പദ്ധതിയെ അനുകൂലിച്ച്‌ രംഗത്തു വരാന്‍ പോലും കേരള കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല.

മദ്യനയത്തില്‍ ക്രൈസ്തവ സഭകള്‍ക്ക് കടുത്ത വിമര്‍ശനം ഉള്ളപ്പോഴാണ് ജോസ് കെ മാണിയുടെ ഒഴിഞ്ഞു മാറ്റം എന്നതാണ് ശ്രദ്ധേയം. നേരത്തെ പാലായില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയില്‍ ഉള്ള റോഷി അഗസ്റ്റിനും കാര്യമായ പ്രതികരണങ്ങള്‍ക്ക് തയ്യാറായിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക