തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനുള്ളില്‍ (Cliff house) കടന്ന് കെ റെയില്‍ (K Rail) വിരുദ്ധ പ്രതിഷേധക്കാര്‍. ക്ലിഫ് ഹൌസ് വളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കെ റെയില്‍ കല്ലിട്ടു. ആറ് ബിജെപി പ്രവര്‍ത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് ക്ലിഫ് ഹൈസിന്റെ വളപ്പിനുള്ളില്‍ കടന്നത്.

മുരിക്കുംപുഴയില്‍ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുമായി ബിജെപി പ്രവ‍ര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസ് മാര്‍ച്ച്‌ നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വിവി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാര്‍ച്ച്‌ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ചിലര്‍ ക്ലിഫ് ഹൌസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സില്‍വര്‍ ലൈന്‍ : ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം

സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് കല്ലിടാന്‍ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയില്‍ പ്രതിഷേധം കാരണം കല്ലിടല്‍ നടന്നില്ല. അതിനിടെ കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരസമിതി മാര്‍ച്ച്‌ നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാര്‍ച്ച്‌ നടത്തി. കോഴിക്കോടും തൃശ്ശൂരും കോണ്‍ഗ്രസിന്‍റെ കളക്ടറേറ്റ് മാര്‍ച്ച്‌ സംഘര്‍ഷത്തിലെത്തി. കോഴിക്കോട് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക