തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ ഖജനാവില്‍ നിന്നും മുടക്കുന്ന ഈ തുകയുടെ കണക്കില്‍ മുഴുവന്‍ അവ്യക്തതയെന്നാണ് ആരോപണമുയരുന്നത്.ഇപ്പോള്‍ ക്ലിഫ്ഹൗസിലെ കാലിതൊഴുത്തിന് റൂഫ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ നല്‍കിയ ഒരു മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റി വഴി ക്ലിഫ്ഹൗസില്‍ നടത്തിയ നിര്‍മ്മാണങ്ങളുടെ വിവരങ്ങളാണ് എല്‍ദോസ് കുന്നപ്പിള്ളി മന്ത്രിയോട് ആവശ്യപ്പെട്ടത്. 82 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ക്ലിഫ്ഹൗസില്‍ ഊരാളുങ്കല്‍ നടത്തിയത്. ഇതില്‍ തൊഴുത്തിന്റെ റൂഫ് ഉയര്‍ത്തുന്നതിന് 2,98,863 രൂപ ചെലവായെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 42.50 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ്ഹൗസില്‍ പുതിയ കാലി തൊഴുത്ത് നിര്‍മ്മിച്ചത്. മറ്റൊരു കോണ്‍ട്രാക്ടര്‍ക്കായിരുന്നു നിര്‍മ്മാണ ചുമതല. ഇത് വിവാദമായപ്പോള്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിനടക്കമാണ് ഇത്രയും തുക ചിലവഴിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ തൊഴുത്തിന് വീണ്ടും പണം മുടക്കി എന്തിന് ഊരാളുങ്കല്‍ വക റൂഫിംഗ് എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലേക്ക് താമസത്തിന് എത്തുന്നതിന് മുമ്ബ് ഊരാളുങ്കല്‍ 6 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിന്റെ മുന്‍വശവും ഓഫിസ് റൂമും ഹാളും തിരക്കിട്ട് പെയിന്റ് ചെയ്തതും ഊരാളുങ്കലാണ്. ഇതിന് ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ ചിലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുറിയുടെ സീലിങ്ങ് മാറ്റുന്നതിന് 2.45 ലക്ഷം രൂപയുടേയും റോഡ് ടാര്‍ ചെയ്യുന്നതിന് 3.97 ലക്ഷം രൂപയുടേയും പണികള്‍ നടത്തി.

65 ലക്ഷം രൂപ ചിലവിട്ട് ക്ലിഫ്ഹൗസിലെ റസ്റ്റ് ഹൗസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരുടെ മുറികള്‍ എന്നിവയുടെ അറ്റകുറ്റ പണികള്‍ നടത്തിയതാണ് ഊരാളുങ്കല്‍ ചെയ്ത വലിയ ജോലി. ക്ലിഫ്ഹൗസിലെ നീന്തല്‍ കുളത്തിന്റെ പരിപാലനവും ഊരാളുങ്കലിനെയാണ് എല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ നവീകരണത്തിനും വാര്‍ഷിക പരിപാലനവുമായി 50 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചിലവായത്. 1.88 കോടിയുടെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ ക്ലിഫ്ഹൗസില്‍ മരാമത്ത് വകുപ്പ് മുഖേന ചെയ്തുവെന്ന് മറ്റൊരു മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും കോടികള്‍ മുടക്കിയിട്ടും ക്ലിഫ്ഹൗസ് താമസയോഗ്യമല്ലെന്ന പരാതിയാണ് മുഖ്യമന്ത്രിക്കുളളത്. മരപ്പട്ടിയുടെ ശല്യമടക്കം മുഖ്യമന്ത്രി തന്നെ അസൗകര്യങ്ങള്‍ പൊതുയോഗത്തില്‍ എണ്ണി പറഞ്ഞിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും കടമെടുത്ത് മുന്നോട്ട് പോകുന്ന രീതിയില്‍ സാമ്ബത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്താണ് ഖജനാവില്‍ നിന്നും ഇത്രയും തുക ചിലവഴിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക