
കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. നീണ്ടൂരില്‍ നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്നു കാര്‍ കോട്ടമുറി ജംക്‌ഷനില്‍ വേഗം കുറയ്ക്കാന്‍ സ്ഥാപിച്ചിട്ടുള്ള റംബിള്‍ സ്ട്രിപ് വകവയ്ക്കാതെ പാഞ്ഞു തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ 4 പേര്‍ റബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു.
കാറില്‍ കുടുങ്ങിയ സംഘത്തിലെ മറ്റൊരു യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. വിവരം അറിഞ്ഞ് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എസ്.ഐ പ്രേംകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. യുവാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. പാട്ടും കേട്ട് ഉറങ്ങുകയായിരുന്നുവെന്നും കണ്ണ് തുറന്നപ്പോ ഇങ്ങനെ വീണ് കിടക്കുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. നാല് പേര്‍ കൂടെയുണ്ടായിരുന്നുവെന്നും സുഹൃത്തിന്‍റെ വീട്ടില്‍ പോയതായിരുന്നുവെന്നും പറയുന്നു.