തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കുന്നതിനെ എതിര്‍ത്തത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. കേരള സര്‍വ്വകലാശാലയിലെ ഡിലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള ഗവര്‍ണ്ണറെ രേഖാമൂലം ഇക്കാര്യം അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന കത്തകാണ് പുറത്തു വരുന്നത്. സ്വന്തം കൈപ്പടയിലാണ് വൈസ് ചാന്‍സലര്‍ ഇത് എഴുതി ഗവര്‍ണ്ണര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞതിന് വിസിയുടെ കത്തില്‍ പരാമര്‍ശവുമില്ല. ഏത് സാഹചര്യത്തിലാണ് വിസി ഇത്തരത്തിലൊരു കത്ത് നല്‍കിയതെന്നും വ്യക്തമല്ല.

വെള്ളപേപ്പറില്‍ ഗവര്‍ണ്ണറെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്. ഇതോടെ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത് ശരിയാണെന്ന് വ്യക്തമാകുകയാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി താങ്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്തുവെന്നും അവര്‍ക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കുന്നതാണ് വിസിയുടെ കത്ത്. എന്നാല്‍ സിന്‍ഡിക്കേറ്റില്‍ ഇത് ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടുമില്ലെന്നാണ് സൂചന. അങ്ങനെ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രപതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന വാദവും സജീവമാണ്. കുറച്ചു വാചങ്ങളിലാണ് കാര്യങ്ങള്‍ വിസി വിശദീകരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി ലിറ്റ് ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഗവര്‍ണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ കേരള വിസി നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തായത്. ഇത് വിസിയുടേത് തന്നെന്ന് രാജ് ഭവന്‍ വ്യത്തങ്ങളും സമ്മതിക്കുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്.

ഡി ലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്ബ് ഗവര്‍ണര്‍ പറഞ്ഞത്. മര്യാദ കാരണം എല്ലാം തുറന്ന് പറയുന്നില്ല. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയതിന് പിന്നാലെ പിറ്റേദിവസം ചാന്‍സലര്‍ പദവി ഒഴുകയാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയായിരുന്നു.

ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാമെന്ന് കേരളാ സര്‍വ്വകലാശാല ഉറപ്പു നല്‍കിയുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍വ്വകലാശാല പിന്മാറിയെന്നായിരുന്നു ആരോപണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡീ ലിറ്റ് വാങ്ങാന്‍ വേണ്ടി കൂടിയാണ് കേരള സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ തിരുവനന്തപുരത്ത് ഒരു ദിവസം തങ്ങിയതെന്നാണ് സൂചന. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ കൂടി വേണ്ടിയാണ് കേരളത്തിലേക്കുള്ള യാത്ര പരിപാടി രാഷ്ട്രപതി നേരത്തെ നിശ്ചയിച്ചത്. കേരള യൂണിവേഴ്സിറ്റി ഒഴിഞ്ഞു മാറിയതോടെയാണ് അപമാനിതനായി രാഷ്ട്രപതി മടങ്ങിയത്. അതുകൊണ്ടാണ് ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നു. ഇതാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.

ഡിസംബറിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ആവശ്യം ഗവര്‍ണ്ണര്‍ മുമ്ബോട്ട് വച്ചത്. ഇത് തത്വത്തില്‍ വിസി അംഗീകരിച്ചു. ഇതോടെ ഇക്കാര്യം രാഷ്ടപതി ഭവനെ ഗവര്‍ണ്ണര്‍ അറിയിച്ചു. രാഷ്ട്രപതിയെ നേരിട്ടും അറിയിച്ചു. കേരളത്തില്‍ എത്തുമ്ബോള്‍ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളില്‍ പ്രൗഡഗംഭീര ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി കൂടി ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തു. ഇതിന് അനുസരിച്ച്‌ രാഷ്ട്രപതിയുടെ ചടങ്ങുകള്‍ പുനക്രമീകരിച്ചു. കാസര്‍കോടു നിന്ന് കൊച്ചിയില്‍ എത്തിയ സേഷം 23ന് തിരുവനന്തപുരത്ത് എത്തി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങിന് ശേഷം തിരുവനന്തപുരത്ത് തങ്ങാനും തീരുമാനിച്ചു. എന്നാല്‍ ഡിലിറ്റ് മാത്രം നല്‍കാനായില്ല.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നോക്ക ജാതിയില്‍ നിന്നുള്ള വ്യക്തിയാണ് രാം നാഥ് കോവിന്ദ്. പോരാത്തതിന് രാജ്യത്തിന്റെ പ്രഥമ പൗരനും. അത്തരത്തിലൊരു വ്യക്തിത്വത്തിന് ഡി ലിറ്റ് നല്‍കുന്നതില്‍ മറ്റ് ആരോപണങ്ങള്‍ ഉയരേണ്ട ആവശ്യവുമില്ല. എല്ലാ അര്‍ത്ഥത്തിലും അര്‍ഹനാണ് അതിന് രാഷ്ട്രപതി. പക്ഷേ ഇതൊന്നും കേരള സര്‍വ്വകലാശാല കണ്ടില്ലെന്ന് നടിച്ചു. ഡി.ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശത്തോട് താല്‍പര്യമില്ലെന്ന് പ്രതികരിച്ച്‌ കേരള സര്‍വകലാശാല വിവാദങ്ങളിലേക്ക് നീങ്ങി.

മുന്‍പ് വി സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതിനുള്ള താല്‍പര്യം ഗവര്‍ണര്‍ അറിയിച്ചത്.സര്‍വകലാശാലയുടെ മറുപടിയെത്തുടര്‍ന്ന് നേരത്തെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ചാന്‍സലര്‍ അംഗീകാരം നല്‍കിയ ഡി.ലിറ്റ് ബിരുദദാനത്തിനുള്ള തീയതി ഗവര്‍ണര്‍ മരവിപ്പിച്ചു. മുന്‍ വി സി ഡോ.എന്‍.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്ണ എന്നിവര്‍ക്ക് ഡി.ലിറ്റ് നല്‍കുന്നതാണ് നീട്ടിവച്ചത്. ഇതെല്ലാം വിവാദമായി മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക