കൊച്ചി: ദുബായില്‍ ഫുഡ്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്ന എറണാകുളം സ്വദേശി മുഹമ്മദ് അന്‍വറിന് സഹായ ഹസ്തവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. അന്‍വര്‍ ദുരിത ജീവിതം നയിക്കുകയാണെന്നും കയ്യില്‍ നിധിപോലെ സൂക്ഷിക്കുന്ന മറഡോണ കയ്യൊപ്പു ചാര്‍ത്തിയ ടീ ഷര്‍ട്ട് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്ത വന്നതിന് പിന്നാലെയാണ് ബോബി സഹായം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്. ബോബിയുടെ ആത്മ സുഹൃത്തായിരുന്ന മറഡോണയുടെ പ്രിയപ്പെട്ട ഹെയര്‍ സ്‌റ്റൈലിസ്റ്റ് ദുരിതത്തിലാണെന്ന വാര്‍ത്ത അറിഞ്ഞ് വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തെ ബന്ധപ്പെട്ടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

മറഡോണയുടെ കയ്യൊപ്പു ചാര്‍ത്തിയ ടീ ഷര്‍ട്ട് വാങ്ങി തക്കതായ പ്രതിഫലം നല്‍കും. മറഡോണയുടെ നിരവധി ഓര്‍മ്മകള്‍ തന്റെ കൈവശമുണ്ടെങ്കിലും അനവറിന് ഒരു സഹായമാകാനാണ് ടീ ഷര്‍ട്ട് വാങ്ങുന്നത്. കൂടാതെ ഒരു ജോലി നല്‍കാനും ശ്രമിക്കും. മറഡോണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ ഇനി ചേര്‍ത്തു പിടിക്കാന്‍ താന്‍ ഉണ്ടാവുമെന്നും അദ്ദേഹം , വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലിനോട് പറഞ്ഞു എന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം അടുത്ത ആഴ്ച കൊച്ചിയിലെത്തുമ്ബോള്‍ അന്‍വറിന് നേരില്‍ കാണുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞതായി ഈ മാധ്യമം റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഹമ്മദ് അന്‍വര്‍ ദാരിദ്രം മൂലം ലേലത്തിനു വയ്ക്കുന്നത് ലോക ഫുട്ബോള്‍ അത്ഭുതം ഡിയാഗോ മാറഡോണ കൈകൊണ്ട് ഒപ്പിട്ടു നല്‍കിയ ടീഷര്‍ട്ടാണ്. ദുബായ് അല്‍വാസല്‍ ക്ലബ് മുഖ്യ പരിശീലകനായിരിക്കെ മൂന്നു വര്‍ഷം മാറഡോണയുടെ സ്വകാര്യ മുടിവെട്ടു കാരനായിരുന്നു അന്‍വര്‍. മകന്റെ ജന്മദിന ദിവസത്തില്‍ അക്കാര്യം പറഞ്ഞപ്പോള്‍ ഒരു ടീഷര്‍ട്ട് വാങ്ങി വരൂ എന്നു പറഞ്ഞു വിട്ടു വാങ്ങിപ്പിച്ച്‌ ഒപ്പിട്ടു സമ്മാനിക്കുകയായിരുന്നു.

നീളമുള്ള മുടി മുറിക്കുകയും താടി സ്‌റ്റൈലാക്കിയതും അന്‍വറാണ്. തല നിറഞ്ഞു നില്‍ക്കുന്ന മുടിയാണ് മാറഡോണയ്ക്കുണ്ടായിരുന്നത്. ആദ്യം നീട്ടി വളര്‍ത്തിയ മുടിയാണ് വെട്ടിയത്. വെട്ടിക്കളഞ്ഞതില്‍ അദ്ദേഹത്തിനു വിഷമമുണ്ടെന്നു തോന്നിയില്ല. ഇടയ്ക്ക് നീട്ടി വളര്‍ത്തുന്നതാണ് പതിവ്. ഇടയ്ക്കു താടിയും നീട്ടി വളര്‍ത്തി അറബികളുടേതു പോലെയാക്കുമായിരുന്നു. അത് വരച്ചു കൊടുത്തിരുന്നതും അന്‍വര്‍ തന്നെയായിരുന്നു.

അദ്ദേഹം ക്ലബ് പരിശീലകനായിരുന്ന കാലത്ത് മുടിവെട്ടാന്‍ കാര്‍ വിടും. ‘ഹോല.. അന്‍വര്‍..’ എന്നു വിളിച്ച്‌ ആഹ്ലാദത്തോടെയാണ് സ്വീകരണം. ഒപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കും. ഭാഷയുടെ അതിരുകളില്ലാതെ തന്നോടും താന്‍ അദ്ദേഹത്തോടും സംവദിച്ചിരുന്നു. അദ്ദേഹത്തിനു ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. ഇംഗ്ലീഷ് തനിക്കും അറിയില്ല. പക്ഷെ അന്ന് മുറിവാക്കുകളില്‍ ഹൃദയം കൊണ്ടാണു സംസാരിച്ചിരുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. – അന്‍വര്‍ ഓര്‍ക്കുന്നു.

20 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ കാത്തിരുന്നത് വന്‍ തുക കടം. ഇതിനിടയില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി. പലയിടത്തും ജോലി ചെയ്തെങ്കിലും ആരോഗ്യം ക്ഷയിച്ച്‌ പല്ലു കൊഴിഞ്ഞു പുറമേയുള്ള സൗന്ദര്യം നഷ്ടമായതോടെ പുതിയ ബ്യൂട്ടി പാര്‍ലറുകാര്‍ക്കൊന്നും ആവശ്യമില്ലാതായി. വീട്ടുകാരും അകന്നതോടെ ജീവിതത്തില്‍ ദുരിതം നിറഞ്ഞു. തമ്മനത്ത് ഒരു കുടുസുമുറി വീട്ടില്‍ വാടക പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ കഴിയുകയാണ് അന്‍വര്‍. ബോബി ഈ കഥ അറിഞ്ഞതോടെയാണ് സഹായത്തിനായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക